കൊല്ലങ്കോട്: ചീക്കണാംപാറ പാതയില്‍ മലിനജലം ഒഴുകുന്നതായി പരാതി. പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നതാണ് ഈ മലിനജലം. മലിനജലത്തില്‍ രാസവസ്തു കലര്‍ന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.
നാട്ടുകാരും യാത്രക്കാരും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പോ പഞ്ചായത്ത് അധികൃതരോ നടപടിയെടുത്തില്ലത്രേ.നിലവില്‍ കാല്‍നട യാത്രക്കാരും വിദ്യാര്‍ഥികളും മൂക്കുപൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൊല്ലങ്കോട് ജംഗ്ഷന് മുതല്‍ ഫെഡറല്‍ ബാങ്ക് വരെ റോഡിനു വീതിയും കുറവാണ്.
ഇക്കഴിഞ്ഞദിവസം മാലിന്യം കലര്‍ന്ന വെള്ളം ഒഴുക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. മുതലമടയില്നിന്നും ടൗണിലേക്കുള്ള ബസുകള്‍ വരുന്നത് ഇതുവഴിയാണ്.
വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ മാറിനില്‍ക്കുന്നത് മലിനജലത്തിലേക്കാണ്.അമിത ദുര്‍ഗന്ധത്തെതുടര്‍ന്ന് പലരും ബ്ലോക്ക് ഓഫീസ് റോഡിലൂടെ വഴിമാറിയാണ് സഞ്ചരിക്കുന്നത്.