കേരളത്തിന്റെ അതിജീവന സ്വപനങ്ങള്‍ക്ക് കൂട്ടാവാന്‍ ഇനി ചേക്കുട്ടിയെയും കൂടെക്കൂട്ടാം! ചേറില്‍ പ്രസവിച്ച കുട്ടി, ചേറിനെ അതിജീവിച്ച കുട്ടി, അഥവാ ചേക്കുട്ടിയെ അറിയാം, അവളെ സ്വീകരിക്കാം

കേരളത്തെ പിടിച്ചുലച്ചശേഷം പ്രളയം കടന്നുപോയി. എങ്കിലും അതിജീവിക്കും എന്ന മുദ്രാവാക്യം വേദവാക്യമായി സ്വീകരിച്ചിരിക്കുന്നതിനാല്‍ പ്രതീക്ഷയോടെ ജീവിതം മുന്നോട്ട് തള്ളിനീക്കുകയാണ് മലയാളികള്‍. ഈ സമയത്താണ് പ്രളയം ചേറില്‍ പ്രസവിച്ച ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നത്. ”ചേറിനെ അതിജീവിച്ച കുട്ടി അല്ലെങ്കില്‍ ‘ചേക്കുട്ടി.

കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ തിരുശേഷിപ്പായി ഇനി ഈ ചേക്കുട്ടിയുണ്ടാകും. ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങളില്‍ വെള്ളം കയറിയപ്പോള്‍ നഷ്ടപെട്ടത് ലക്ഷകണക്കിന് രൂപയുടെ സ്വപ്നങ്ങള്‍ ആയിരുന്നു.

ആ പ്രതീക്ഷകള്‍ക്ക് തിരി തെളിയിച്ചുകൊണ്ടാണ് ചേക്കുട്ടിയുടെ വരവ്. വെള്ളം കയറി ഉപയോഗശൂന്യമായ കൈത്തറി തുണിത്തരങ്ങള്‍ അണുവിമുക്തമാക്കി കൊച്ചിയിലെ സൗഹൃദകൂട്ടായ്മ ഒരുക്കുന്ന പാവക്കുട്ടികള്‍ ആണ് ചേക്കുട്ടി.

ചേന്ദമംഗലത്തിന്റെ പുനര്‍ജീവനത്തിനാണ് പാവക്കുട്ടിയുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന ഓരോ പൈസയും പോകുന്നത്. കേരളത്തിന്റെ, നമ്മുടെ കൂട്ടായ്മയുടെ, അതിനജീവനത്തിന്റെ കുട്ടിയാണ് ചേക്കുട്ടി. https://chekutty.in/ എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ ഭാഗമാവാന്‍ പറ്റുന്ന എല്ലാ വിവരങ്ങളും ഉണ്ട്. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില, അതുകൊണ്ടു തന്നെ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ കുറഞ്ഞത് 20 ചേക്കുട്ടിമാരെയെങ്കിലും ഒന്നിച്ചു വാങ്ങണം എന്നാലെ അയക്കുന്നവര്‍ക്ക് അത് മുതലാവുകയുള്ളു.

നമ്മള്‍ കൊണ്ട് നടക്കുന്ന ബാഗുകളില്‍, നമ്മുടെ കാറുകളില്‍, നമ്മുടെ ജോലിയിടങ്ങളില്‍, വീടുകളുടെ വരാന്തകളില്‍ മറ്റിടങ്ങളില്‍ ഒക്കെ ഈ ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേക്കുട്ടിയെ ചേര്‍ത്തു നിര്‍ത്തി അതിജീവനത്തില്‍ സഹകാരികളാവുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കാരണം കേരളം ഒന്നായ് തുന്നിക്കൂട്ടിയതാണ് ഈ ”ചേക്കുട്ടിയെ”. ചേക്കുട്ടിയുടെ ഭംഗി മുറിപ്പാടുകള്‍ ആണ്, ചേക്കുട്ടിയുടെ ഭംഗി അതില്‍ പറ്റിപ്പിടിച്ചിരുന്നേക്കാവുന്ന കറകള്‍ ആണ്, ചേക്കുട്ടി വെള്ളപ്പൊക്കത്തിനെ അതിജീവിച്ച നമ്മള്‍തന്നെയാണ്, ചേക്കുട്ടി മുന്നോട്ടു പോകാനുള്ള നമ്മുടെ സ്വപ്ങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ്, ചേക്കുട്ടി സ്‌നേഹമാണ്, സന്തോഷമാണ്, കരുതലാണ്. ചേക്കുട്ടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചേക്കുട്ടിയെ ഏറ്റെടുക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുകയുണ്ടായി.

Related posts