തിരുവല്ല: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ ചെകുത്താനെന്ന പേജിന്റെ അജു അലക്സിനെ കസ്റ്റഡിയിൽ എടുത്തു.
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് ഇയാൾ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെ താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരേ കേസെടുത്തത്.
ഇയാൾക്കെതിരേ ഭാരതീയ ന്യായ സംഹിത 192,296(ബി) കെ.പി ആക്ട് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു. ഇയാളുടെ പരാമർശം മോഹൻലാൽ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണെന്ന് തിരുവല്ല പോലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.