ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി. ‘ചേക്കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. അവളുടെ മേല്‍ ചെളി പുരണ്ടിട്ടുണ്ട്. അവള് പ്രളയദുരിതത്തെ അതിജീവിച്ചവളാണ്. പ്രളയത്തെ അതിജീവിച്ച ഓരോ ജീവന്റേയും പ്രതീകമാണ്.’ ചേറിനെ അതിജീവിച്ച കുട്ടി എന്നതാണ് ചേക്കുട്ടി എന്ന വാക്കിന്റെ അര്‍ഥം.
കടയിലെ ചില്ലു കൂട്ടിനുള്ളിലിരിക്കുന്ന പാവകളുടെ ചേലുണ്ടാവില്ല ചേക്കുട്ടിക്ക്. പക്ഷേ അവള് മിടുക്കിയാണ്. അവളെ ഒപ്പം കൂട്ടാന്‍ ഒരുപാടു കാരണങ്ങളുണ്ട്. അവള്‍ക്കു നേരേ മുഖം തിരിക്കാന്‍ കാരണങ്ങള്‍ ഇല്ലതാനും. ചേക്കുട്ടിക്കു നമ്മള് നല്കുന്ന സ്വീകരണം ചേന്ദമംഗലം കൈത്തറി തൊഴിലാളികള്‍ക്കു നേരേ നമ്മള് നീട്ടുന്ന സഹായഹസ്തം കൂടിയാണ്.
കൊച്ചി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥ് പാറയിലും സംഘവുമാണ് ചേക്കുട്ടി പാവകള്‍ എന്ന ആശയത്തിനു പിന്നില്‍. പ്രളയം മുക്കിയ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിലെന്ന് ഗോപിനാഥ് പറയുന്നു.
സുന്ദരികളായ ചേക്കുട്ടികള്‍
പ്രളയജലം കയറിയിറങ്ങിപ്പോയപ്പോള്‍ ചേന്ദമംഗലത്തെ തറികളിലുണ്ടായത് അരക്കോടിയോളം രൂപയുടെ നഷ്ടമാണ്. 21 ലക്ഷം രൂപ വില വരുന്ന വസ്ത്രങ്ങള്‍ നശിച്ചുപോയി. യന്ത്രങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും സംഭവിച്ച കേടുപാടുകള്‍ വേറെ. ‘ചേന്ദമംഗലത്തെ പല തറികളും വീടും ഞങ്ങള്‍ സന്ദര്‍ശിച്ചു. ചങ്കു തകര്‍ന്നുപോകുന്ന കാഴ്ചകളാണ് ഓരോയിടത്തും ഞങ്ങളെ സ്വീകരിച്ചത്. പട്ടിന്റെയും കസവിന്റെയും പകിട്ടു മാത്രം കണ്ടിരുന്ന ഒരു പ്രദേശമാകെ ചെളിയില്‍ പുതഞ്ഞു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. എല്ലാം നഷ്ടപ്പെട്ട വേദനയില്‍ മനസുടഞ്ഞിരിക്കുന്ന മനുഷ്യര്‍ വേറെ.’ ഗോപിനാഥ് തുടര്‍ന്നു.
‘ഇനിയെന്ത് എന്ന ഞങ്ങളുടെ ചോദ്യത്തിനു പലരും നല്കിയ മറുപടി നിസഹായത നിറഞ്ഞ ഒരു നോട്ടം മാത്രമാണ്. ചിലര്‍ വില്പനയ്ക്ക് ഒരുക്കിവച്ചിരുന്ന സാരികളിലേക്കും മുണ്ടുകളിലേക്കും നോക്കി വിതുമ്പി. മറ്റുചിലര്‍ തലയുയര്‍ത്തി നോക്കിയതുപോലുമില്ല. അതേ അവസ്ഥയില്‍ അവരെ തുടരാന്‍ അനുവദിക്കുന്നത് വലിയ വിഷാദത്തിലേക്ക്് അവരെ തള്ളിവിടും എന്നു ഞങ്ങള്‍ക്കു തോന്നി. അങ്ങനെയാണ് ചേക്കുട്ടി എന്ന ആശയം ഉണ്ടാകുന്നത്.
ചെളിയില്‍ കുതിര്‍ന്ന സുന്ദരിക്കുട്ടി
ഇപ്പോള്‍ കേരളം സഹായങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നു മാറി, ഇവര്‍ക്കു മുന്നോട്ടു ജീവിക്കാനുള്ള ഒരു മാര്‍ഗംകൂടി ഉണ്ടാകണം എന്നതായിരുന്നു എന്റേയും ലക്ഷ്മിയുടേയും ആഗ്രഹം. ഇതിനിടയില്‍ പലരും ചെളിപറ്റിയ സാരികള്‍ കത്തിച്ചുകളയാന്‍ തുടങ്ങി. ഈ സാരികളില്‍ പിടിച്ചു തന്നെ മുകളിലേക്കു കയറാം എന്നു പലരോടും പറഞ്ഞെങ്കിലും ആരും അതിനു വലിയ വില നല്‍കിയില്ല. പലരോടും പറഞ്ഞ കൂട്ടത്തിലാണ് ചേന്ദമംഗലം വീവേഴ്സ് സൊസൈറ്റി സെക്രട്ടറി അജിത്ത് കുമാറിനെ സമീപിച്ചത്. ഞങ്ങള്‍ക്കു പറയാനുള്ളതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നിട്ടു പറഞ്ഞു ‘സാരികളെല്ലാം ഞങ്ങള്‍ എത്രയും വേഗം കഴുകി, ഉണക്കിത്തരാം. ചേക്കുട്ടികള്‍ ഉണ്ടാകണം.’
കഥപറയും ചേക്കുട്ടി
പാണന്മാര് കഥ പറഞ്ഞിരുന്ന കേരളത്തിന്റെ കഥ ഇനി ചേക്കുട്ടി പറയും. കേരളത്തിന്റെ ദുരിതവും അതിജീവനവുമെല്ലാം അവളുടെ കഥകളിലൂടെ ലോകമറിയും. ഒരു മഹാദുരന്തമുണ്ടായപ്പോള്‍ കേരളം എങ്ങനെ ഇതിനെ ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചു എന്നു വരുംതലമുറയ്ക്കു പറഞ്ഞുകൊടുക്കാന്‍ കേരളത്തിലെ എല്ലാ വീട്ടിലും ഒരു ചേക്കുട്ടിയുണ്ടാകണം.
ചേക്കുട്ടി വെറുമൊരു പാവ മാത്രമല്ല. അവളൊരു പ്രതീകമാണ്. വീടിനുള്ളില്‍ നീണ്ട ചരടിനറ്റത്തു നിന്ന്, അവള് കാറ്റില്‍ ഇളകിയാടുമ്പോള്‍ കേരളത്തെ പിടിച്ചുലച്ച പ്രളയത്തേയും അതിനെ അതിജീവിച്ച ഓരോ മനുഷ്യരേയും നമുക്ക് ഓര്‍ത്തെടുക്കാം. വീടിനകം മാത്രമല്ല നിങ്ങളുടെ കാറും ബാഗും കീ ചെയിനും വസ്ത്രങ്ങളുമെല്ലാം മനോഹരമാക്കാന്‍ ചേക്കുട്ടി നിങ്ങളെ സഹായിക്കും.
ചേക്കുട്ടിയെ എങ്ങനെ ഉണ്ടാക്കാം
ഒരു സാരിയില്‍ നിന്ന് 360 ചേക്കുട്ടികളെ നിര്‍മിക്കാം. ഒരു ചേക്കുട്ടിയുടെ വില 25 രൂപയാണ്. 1300 രൂപയാണു വില്പനയ്ക്കായി ഒരുക്കുന്ന ഒരു സാരിയുടെ വില. ആ സാരിയില്‍ നിന്നാണ് ഇപ്പോള്‍ 9000 രൂപയുണ്ടാക്കുന്നത്. ക്ലോറിനേറ്റ് ചെയ്തും പുഴുങ്ങിയും വൃത്തിയാക്കിയ സാരികളാണ് ചേക്കുട്ടിയെ നിര്‍മിക്കുന്നതിനായി എടുക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചേക്കുട്ടി ആരോഗ്യത്തിനു ഹാനികരമല്ലെന്ന് നെയ്ത്തുകാര്‍ ഉറപ്പു നല്കുന്നു.
സ്കൂള്‍- കോളജ് വിദ്യാര്‍ഥികളാണ് പ്രധാനമായും ചേക്കുട്ടി നിര്‍മാണത്തിനായി മുന്നോട്ടു വരുന്നത്. കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍കൂടി ഉള്‍പ്പെടുത്തുന്ന തരത്തിലുള്ള ഫണ്‍ ക്രാഫ്റ്റ് ആക്ടിവിറ്റി കൂടിയാകും ചേക്കുട്ടി നിര്‍മാണം. സാരി വിലയ്ക്കു വാങ്ങിയ ശേഷം സ്വയം ചേക്കുട്ടിയെ നിര്‍മിച്ച് വില്പന നടത്താം എന്നു പറഞ്ഞു മുന്നോട്ടു വരുന്നവരുമുണ്ടെന്ന് ഗോപിനാഥ് പറയുന്നു.
വരുമാനം തൊഴിലാളികള്‍ക്ക്
ചേക്കുട്ടിയെ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൈത്തറിതൊഴിലാളികളുടെ സൊസൈറ്റിയിലേക്ക് നല്‍കും. ആര്‍ക്കും വ്യക്തിപരമായി പണം കൈമാറില്ല. ഓരോരുത്തര്‍ക്കും സംഭവിച്ച നഷ്ടങ്ങളുടെ കണക്കെടുത്ത ശേഷം സൊസൈറ്റിയാണ് പണം വീതം വയ്ക്കുക. https://chekutty.in/ എന്ന വെബ്സൈറ്റിലൂടെ ചേക്കുട്ടിയെ വാങ്ങാം. ഇതിനുപുറമേ സ്്കൂളുകള്‍, കോളജുകള്‍, ഹോട്ടലുകള്‍, കൈത്തറി യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍.
മലയാളികള്‍ ലോകത്തെ അമ്പരപ്പിച്ചു
ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത പ്രവൃത്തികളാണ് ഈ പ്രളയകാലത്ത് മലയാളികള്‍ കാഴ്ചവച്ചതെന്ന് ഗോപിനാഥ് പറയുന്നു. ‘ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. അവിടെയൊക്കെ ദുരന്തം ഉണ്ടാകുന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി ആളുകളെത്തും. പക്ഷേ രണ്ടാമത്തേയും മൂന്നാമത്തേയും ദിവസമാകുമ്പോള്‍ ഇവരെല്ലാം തളര്‍ന്നു തുടങ്ങും. എന്നാല്‍ കേരളത്തില്‍ നമ്മള് കണ്ടത് അതാണോ? ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് അവസാനത്തെയാളും വീട്ടില്‍ എത്തുന്നതുവരെയും പിന്നീട് അവരുടെ വീടുകള്‍ വൃത്തിയാക്കി വാസയോഗ്യം ആക്കുന്നതുവരേയും നമ്മള് എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഇത് ഇനി മുന്നോട്ടും നമുക്കിടയില്‍ ഉണ്ടാകണം.’
മുഖ്യമന്ത്രിയുടെ പിന്തുണ
അതിജീവനത്തിന്റെ പുത്തന്‍ ഇഴകള്‍ നെയ്യുന്ന ചേന്ദമംഗലത്തിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടി എത്തിയതോടെ ചേക്കുട്ടി സ്റ്റാറായി. വിവിധ മേഖലകളില്‍ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംരക്ഷിക്കാനാകുമെന്നും സ്റ്റാര്‍ട്ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കസവു നെയ്ത ചേന്ദമംഗലം
എറണാകുളം പറവൂരിലാണ് കസവിനു പുകള്‍കേട്ട പ്രദേശമാണ് ചേന്ദമംഗലം. ചേന്ദമംഗലം കൈത്തറിയുടെ ചരിത്രം പറയുമ്പോള്‍ പാലിയം എന്ന കുടുംബത്തെക്കുറിച്ചാണ് ആദ്യം പറയേണ്ടത്.
കൊച്ചിരാജാവിന്റെ മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം. തമിഴ്നാട്ടില്‍ നിന്ന് പകിട്ടേറിയ മുണ്ടുകള്‍ വില്‍ക്കാനെത്തിയ നെയ്ത്തുകാരനോട് ചേന്ദമംഗലത്തു താമസിച്ച് മുണ്ടുകള്‍ നെയ്യാന്‍ പാലിയത്തച്ചന്മാര് ആവശ്യപ്പെടുകയും അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.
തമിഴ്നാട്ടില്‍ നിന്നാണ് തറികള്‍ എത്തിച്ചത്. ദേശക്കാര്‍ തന്നെ നെയ്ത്തു പഠിക്കാന്‍ എത്തിയതോടെ പുതിയൊരു തൊഴില്‍ സംസ്കാരം അന്നാട്ടില്‍ രൂപപ്പെട്ടു. മേല്‍ത്തരം പരുത്തിനൂലുകൊണ്ടു നെയ്യുന്ന കൈത്തറി വസ്ത്രങ്ങള്‍ ഒരുകാലത്ത് പാലിയത്തു കുടുംബാംഗങ്ങളുടെ അന്തസിന്റെ ചിഹ്നമായിരുന്നു. പില്ക്കാലത്ത് കെ.വി. കുട്ടിക്കൃഷ്ണമേനോന് വ്യാവസായികാടിസ്ഥാനത്തില്‍ കോട്ടയില്‍ കോവിലകത്ത് സ്ഥാപിച്ച നെയ്ത്തുകേന്ദ്രമാണ്, ചേന്ദമംഗലം കൈത്തറിയുടെ ഖ്യാതി മറ്റുദേശങ്ങളിലേക്കും എത്തിച്ചത്.
ഇന്നു കേരളത്തില്‍ നിലകൊള്ളുന്ന ജിഐ ടാഗോടുകൂടിയ നാലു പരമ്പരാഗത നെയ്ത്തുശാലകളില്‍ ഒന്നാണ് ചേന്ദമംഗലം കൈത്തറി. അഞ്ചു സൊസൈറ്റികളിലായി അറുന്നൂറിലധികം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. https://chekutty.in/
അഞ്ജലി അനില്‍കുമാര്‍