സ്വന്തം ലേഖകൻ
തൃശൂർ: മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്ഫോടനമുണ്ടായതു മറ്റൊരു ക്വാറിയിൽനിന്നെത്തിച്ച സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയെന്നുപരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബംഗാൾ സ്വദേശി ചോട്ടു ക്രൈം ബ്രാഞ്ചിനു മൊഴിനൽകി.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട നൗഷാദിന്റെ ഉടമസ്ഥതയിൽ ചേലക്കരയിലുള്ള മറ്റൊരു ക്വാറിയിൽനിന്നു കൊണ്ടുവന്ന സ്ഫോടകവസ്തുക്കളിൽ അഞ്ചു കിലോയിലധികം ജലാറ്റിൻ സ്റ്റിക്കും വൻതോതിൽ ഡിറ്റണേറ്ററുകളും ഉണ്ടായിരുന്നതായി പരിക്കേറ്റവർ മൊഴി നൽകിയിട്ടുണ്ട്.
എന്തിനാണ് ഇത്രയധികം സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിച്ചതെന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പരിക്കേറ്റവർ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ചേലക്കരയിലെ ക്വാറിക്കു സമീപം ഉടമയുടെ നിരവധി ബന്ധുക്കൾ താമസിക്കുന്നുണ്ടെന്നും അവിടെവച്ച് നിർവീര്യമാക്കാൻ പറ്റാത്തതുകൊണ്ടാണ് വാഴക്കോട്ടേക്കു കൊണ്ടുവന്നതെന്നും പരിക്കേറ്റവർ സൂചിപ്പിച്ചിട്ടുണ്ട്.
ചേലക്കരയിലെ ക്വാറിയേക്കാൾ ആഴമുള്ള ക്വാറിയാണ് വാഴക്കോട്ടേതെന്നും അതിനാൽ ശബ്ദം അധികം പുറത്തേക്കു വരില്ലെന്നതിനാലാണ് ഇവിടേക്കു നിർവീര്യമാക്കാൻ കൊണ്ടുവന്നതെന്നുമാണ് മൊഴി. എന്നാൽ ഇത് അന്വേഷണസംഘം പൂർണമായും വിശ്വസിച്ചിട്ടില്ല.
എപ്പോഴാണ് ചേലക്കരയിൽനിന്നും ഇത്രയേറെ സ്ഫോടകവസ്തുക്കൾ വാഴക്കോട്ടേക്കു കടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. ലോക്ഡൗണ് കാലത്തു കർശനമായ പോലീസ് പരിശോധനയുള്ള സമയത്ത് ഇത്രയും ഉഗ്രസ്ഫോടകശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററുകളും കടത്തിയതിനെക്കുറിച്ചും വിശദമായി അന്വേഷിക്കും.
ചേലക്കരയിലെ ക്വാറിയിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തും.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ടുപേരുടെ മൊഴികൂടി ഇനിയും രേഖപ്പെടുത്താനുണ്ട്. പ്രദേശവാസികളുടെ മൊഴികളും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാർ രേഖപ്പെടുത്തി.
എക്സ്പ്ലോസീവ്സ്, ഫോറൻസിക് വകുപ്പുകളുടെ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷമേ കേസിന്റെ തുടർനടപടികളിലേക്കു ക്രൈംബ്രാഞ്ച് കടക്കുകയുള്ളൂ.