തിരുവില്വാമല: ചേലക്കര നിയോജകമണ്ഡലത്തിലെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ചേലക്കരയിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥിയെക്കുറിച്ചും ചർച്ച നടത്തും.കെ.രാധാകൃഷ്ണൻ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ഒഴിവു വന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് ബിജെപി ഒരുങ്ങുന്നത്.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് നിയമസഭ സീറ്റിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ചും ചർച്ചകളുണ്ടാകുമെന്ന് സൂചനകളുണ്ട്.കെ. സുരേന്ദ്രൻ ഇന്ന് വൈകീട്ട് മൂന്നിന് ചേലക്കരയിൽ നിയോജക മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും .
ചേലക്കര നിയോജക മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി നിയോജകമണ്ഡലത്തിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം ബിജെപിയുടെ പ്രാദേശിക നേതാക്കൾക്കുള്ളിലുണ്ട്. ഇവർ ഇക്കാര്യം സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയിച്ചേക്കും.
ചേലക്കര നിയോജകമണ്ഡലത്തിലുൾപ്പെടുന്നതും ബിജെപിക്ക് ഏറ സ്വാധീനമുള്ളതുമായ തിരുവില്വാമല പഞ്ചായത്തിൽ നിന്നുള്ള കെ.ബാലകൃഷ്ണനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. മുൻ തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് കെ ബാലകൃഷ്ണൻ. കെട്ടിയിറക്കിയ സ്ഥാനാഥികളെ ഇനി ഇവിടെ മൽസരിപ്പിക്കേണ്ടെന്നാണ് പ്രവർത്തകരുടെ വികാരമെന്നും ഇക്കാര്യം സംസ്ഥാന അധ്യക്ഷനെ അറിയിക്കുമെന്നും സൂചനയുണ്ട്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സരസുവിന് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ പഞ്ചായത്താണ് തിരുവില്വാമല. ആലത്തൂരിൽ സരസുവിന്റെ ഡമ്മി സ്ഥാനാർത്ഥിയും ബാലകൃഷ്ണനായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരുവില്വാമലയിൽ നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ചിരുന്നെങ്കിലും സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടു . ബിജെപി സംസ്ഥാന കമ്മറ്റി പ്രതീക്ഷയോടെ കാണുന്ന ജില്ലയിലെ പഞ്ചായത്താണ് തിരുവില്വാമല.
എസ്സി മോർച്ച ജില്ലാ പ്രസിഡന്റ് വിസി ഷാജിയുടെ പേരും ഉയരുന്നുണ്ട്.എൻഡിഎ സ്ഥാനാർഥിയായി മുന്പ് മത്സരിച്ച ഷാജുമോൻ വട്ടേക്കാട് ,ആലത്തൂർ ലോക്സഭാ സീറ്റിൽ മത്സരിച്ചു പരാജയപ്പെട്ട സരസു എന്നിവരെയും പരിഗണിക്കാൻ സാധ്യതയുള്ളതായി അറിയുന്നു.
ഇന്ന് ചേലക്കരയിലെത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ അനൗദ്യോഗികമായി തുടങ്ങിവെക്കുന്ന സ്ഥാനാർഥി ചർച്ചയുടെ ക്ലൈമാക്സിൽ വരും ദിവസങ്ങളിൽ ഉരുത്തിരിയുന്ന അവസാന പേര് ആരുടേതാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ.
ശശികുമാർ പകവത്ത്