നാദാപുരം: ചേലക്കാട് സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്നും പൈപ്പ്, സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.റൂറല്‍ എസ്പി യു.അബ്ദുള്‍ കരീമിന്റെ നര്‍ദ്ദേശ പ്രകാരം സിഐ രാജീവന് വലിയ വളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.വോട്ടെണ്ണലിന് ശേഷം നാദാപുരം മേഖലയില്‍ വ്യാപകമായ സംഘര്‍ഷം ലക്ഷ്യമിട്ടാണ് വന്‍ പ്രഹര ശേഷി യുള്ള പൈപ്പ് ബോംബുകള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് വെച്ചതെന്നാണ് പോലീസ് നിഗമനം.
കല്ലാച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് ബോംബുകള്‍ സൂക്ഷിച്ച് വെച്ചതായി കണ്ടെത്തിയത്.അന്വേഷണ സംഘം കടയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.ഈ ദൃശ്യങ്ങളില്‍ നിന്ന് ബോംബുകള്‍ ഉണ്ടാക്കിയവരെ കുറിച്ച് വിവരം ലഭിച്ചതായും സൂചനയുണ്ട്.ഇതിനിടെ കൃത്യത്തില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറെടുക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം റൂറൽ എസ് പി നാദാപുരത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.ബോംബ് ശേഖരം കണ്ടെത്തിയ ചേലക്കാട്ടുംപൈപ്പ് ബോംബ് സ്ഫോടനമുണ്ടായ പുറമേരി പഞ്ചായത്തിലെ അരൂരിലും എസ്പി സന്ദര്‍ശനം നടത്തി.
മെയ് മൂന്നിന് രാവിലെയാണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച് വെച്ച നിലയില്‍ ബോംബ് ശേഖരം കണ്ടെത്തിയത്.13 ഉഗ്രശേഷിയുള്ള പൈപ്പ് ബോംബുകളും,മൂന്ന് സ്റ്റീല്‍ ബോംബുകളും വെടി മരുന്ന് ശേഖരവുമാണ് വീട് നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ കണ്ടെത്തിയത്.ബോംബ് നിര്‍മ്മാണത്തിനായി ക്വാറികളില്‍ നിന്ന് വെടിമരുന്നും,ഡിറ്റണേറ്ററുകളും,ജലാറ്റിന്് സ്റ്റിക്കുകളും മറ്റും യഥേഷ്ടം ലഭിക്കുന്നതായി പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
വെടിമരുന്ന് ലൈസന്‍സിന്റെ മറവില്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.ക്വാറികളിലെത്തിക്കുന്ന വെടി മരുന്നും മറ്റും മതിയായ സുരക്ഷ സംവിധാനങ്ങള്‍ പോലുമില്ലാതെ മറ്റ് പലയിടങ്ങളിലും സൂക്ഷിച്ചുവയ്ക്കുകയും ബോംബുകളും മറ്റും നിര്‍മ്മിക്കുന്ന സംഘങ്ങള്‍ക്കും നല്‍കുകയുമാണ് ചെയ്യുന്നത്. ക്വാറി ലൈസന്‍സിന്റെ മറവിലെത്തുന്ന സ്ഫോടക വസ്തുക്കള്‍ കിണറുകളിലെയും മറ്റും പാറകള്‍ പൊട്ടിക്കുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കടക്കം വന്‍ വിലക്ക് വിറ്റഴിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഉത്തരേന്ത്യക്കാരായ നിരവധി തൊഴിലാളികളാണ് മേഖലയില്‍ പലയിടങ്ങളിലായി കിണറുകളിലെ പാറകള്‍ പൊട്ടിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.കൃത്യമായ മേല്‍ വിലാസം അറിയാത്ത ഇത്തരക്കാർക്ക് പോലും വെടിമരുന്ന് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ ലഭിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന വിലയിരുത്തലിലാണ് പോലീസ് സംഘം.