അത്യാഹിതഘട്ടങ്ങളിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്നവർ ജീവൻ രക്ഷാപ്രവർത്തനത്തിൽ പൂർണപരാജയമാകും. അവനവനും മറ്റുള്ളവർക്കും അപകടം സംഭവിച്ചാൽ നിസഹായനാകാനേ പറ്റൂ. ഈയൊരവസ്ഥയ്ക്ക് മാറ്റം വരണമെന്ന ഒരു പറ്റം ചെറുപ്പക്കാരുടെ ആത്മാർഥമായ ആഗ്രഹമാണ് ചരിത്രപരമായ ആ ദൗത്യം ഏറ്റെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. സുഹൃത്തുക്കളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രോത്സാഹനം കൂടിയായപ്പോൾ സഫലമാകുകയായിരുന്നു പരിശ്രമം.
അങ്ങനെയാണ് മുഴുവൻ കുടുംബങ്ങളെയും പ്രഥമശുശ്രൂഷാ സാക്ഷരരാക്കുന്നതിനായി നടപ്പാക്കിയ മിഷൻ ഫസ്റ്റ് എയ്ഡ് പദ്ധതിയിലൂടെ രാജ്യത്തിന് മുന്നിൽ ചേലേന്പ്ര പഞ്ചായത്ത് മാതൃക തീർത്തത്. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളേയും പങ്കാളികളാക്കി ഗ്രാമം ആരാമം പദ്ധതി നടപ്പാക്കി കേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് മിഷൻ ഫസ്റ്റ് എയ്ഡ് പദ്ധതിയുമായുള്ള മലപ്പുറം ജില്ലയിലെ ചേലേന്പ്ര പഞ്ചായത്തിന്റെ മുന്നേറ്റം.
രാമനാട്ടുകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീലിംഗ് ഫൗണ്ടേഷൻ ഇന്ത്യയും ചേലേന്പ്രയിലെ ദേവകിയമ്മ മെമ്മോറിയൽ എഡ്യുക്കേഷനൽ ഇൻസ്റ്റിട്യൂഷനും പഞ്ചായത്തുമായി സഹകരിച്ചാണ് മിഷൻ ഫസ്റ്റ് എയ്ഡ് എന്ന പേരിൽ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് പിന്തുണ തേടി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷവർധനനും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖേന യുണിസെഫിനും പദ്ധതി സംബന്ധിച്ച വിശദ റിപ്പോർട്ട് പഞ്ചായത്ത് സമർപ്പിച്ചിരുന്നു.
ഹൃദയാഘാതം, പക്ഷാഘാതം, ജലാശയ അപകടങ്ങൾ, മിന്നൽ, വൈദ്യുതാഘാതം, പാന്പുകടിയേൽക്കൽ, വാഹനാപകടങ്ങൾ, കുഞ്ഞിന് ഭക്ഷണം തൊണ്ടയിൽ പോകൽ, ശ്വാസംമുട്ടൽ ഉണ്ടാകുക, കുഴഞ്ഞ് വീഴുക, ആത്മഹത്യാശ്രമം, തലചുറ്റൽ, പൊള്ളൽ, അപസ്മാരം, മൃഗങ്ങളുടെ ദംശനം തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ ആശുപത്രികളിലെത്തും മുന്പ് നൽകാൻ ജനങ്ങളെ പര്യാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് പറഞ്ഞു.
ചേലേന്പ്ര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ സർക്കാരിലേക്ക് സമർപ്പിച്ചപ്പോൾ മാതൃകാ പ്രൊജക്ടായി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഒൗദ്യോഗികമായി തന്നെ ജനങ്ങൾക്കിടയിൽ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ രണ്ടുമാസം മുന്പ് തന്നെ നടപടികൾ തുടങ്ങി.
ദേവകിയമ്മ ഫാർമസി കോളജിലെ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന വോളണ്ടിയർമാർ സ്കൂൾ, കോളജ് വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, പോലീസുകാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, വീട്ടമ്മമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കായി പ്രായോഗിക പരിശീലന ക്ലാസുകൾ നൽകിക്കഴിഞ്ഞു. ഓരോ അയൽസഭകൾ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. 150 ദിവസങ്ങളിലായി 160 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ 8800 കുടുംബങ്ങളിൽ നിന്നായി 10000 പേരാണ് പ്രഥമ ശുശ്രൂഷാ രംഗത്ത് ശാസ്ത്രീയ പരിശീലനം നേടിയത്.
ചേലേന്പ്ര ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളജ് അധ്യാപകനും രാമനാട്ടുകര ഐക്കരപ്പടി സ്വദേശിയുമായ കെ.ആർ.വിമലും സഹപ്രവർത്തകരും ചേർന്ന് രണ്ടു വർഷം മുന്പാണ് പ്രഥമ ശുശ്രൂഷയിൽ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഹീലിംഗ് ഹാൻഡ്സ് ഫൗണ്ടേഷൻ എന്ന എൻജിഒ സംരംഭത്തിന് തുടക്കമിടുന്നത്. രാജ്യത്താകമാനം പ്രവർത്തനം വ്യാപിപ്പിക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭത്തിന്റെ ഗുണഫലം ആദ്യഘട്ടത്തിൽ ചേലേന്പ്ര നിവാസികൾക്കാണ് ലഭിക്കുന്നത്.
കോട്ടണ്, ആന്റി സെപ്റ്റിക് ലോഷൻ, ആന്റി സെപ്റ്റിക് ക്രീം, മെഡിക്കേറ്റഡ് ബാഡ്ജുകൾ, അഡ് ഹെസീവ് പ്ലാസ്റ്ററുകൾ, ഒആർഎസ് പൗഡർ, സ്പ്ലിന്റ്, കത്രിക, ഗ്ലൗസുകൾ, ഫെയ്സ് മാസ്കുകൾ, ആൽക്കഹോൾ സ്വാബുകൾ തുടങ്ങിയവ കൂടി ലഭ്യമാക്കിയായിരുന്നു പ്രവർത്തനം. അഞ്ചര ലക്ഷം രൂപ ചെലവിലാണ് മിഷൻ ഫസ്റ്റ് എയ്ഡിന്റെ ആദ്യഘട്ടം. ഫൗണ്ടേഷൻ ചെയർമാൻ കെ.ആർ.വിമലിനൊപ്പം ടി.എസ്.അംജിത്ത്, വി.സുരേഷ്, എൻ.കെ.രവീന്ദ്രൻ, വൈശാഖ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രഥമശുശ്രൂഷാ കിറ്റ് എല്ലാവർക്കും വൈകാതെ തന്നെ ലഭ്യമാക്കാനാവശ്യമായ സംവിധാനമൊരുക്കാൻ പഞ്ചായത്ത് ശ്രമമാരംഭിച്ചിട്ടുണ്ട്്. ഹൃദയാഘാത സമയത്ത് അടിയന്തരമായി ഉപയോഗിക്കാവുന്ന ജീവൻ രക്ഷാ ഉപകരണമായ ഏഇഡി മെഷീൻ മിഷൻ ഫസ്റ്റ് എയിഡിന്റെ ഭാഗമായി പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്. മിഷൻ ഫസ്റ്റ് എയ്ഡിനോടനുബന്ധിച്ച് അവയവ ദാനവും ശരീരദാനവുമുൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യാപകമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
അവയവും ശരീരവും ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരിൽ നിന്ന് സമ്മതപത്രം വാങ്ങി നൽകുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. രാജ്യത്തിനകത്തും പുറത്തും ചർച്ചയായ കുപ്രസിദ്ധ ബാങ്ക് കവർച്ചാ കേസിലൂടെ വർഷങ്ങൾക്ക് മുന്പ് തന്നെ ശ്രദ്ധിക്കപ്പെട്ട നാടാണ് ചേലേന്പ്ര. ഇപ്പോൾ ഏവരും നെഞ്ചേറ്റുന്ന നല്ല വാർത്തയുമായാണ് ചേലേന്പ്രയുടെ രണ്ടാം ഉദയം.