ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡ് പൂട്ടുകണ്ടത്തിനു സമമായതോടെ ചേറും ചെളിയുംനിറഞ്ഞ് യാത്രക്കാർ വലയുന്നു. ഇതുവരെയും പണിതീരാത്ത ബസ് സ്റ്റാൻഡിൽനിന്നും അഴുക്കുപുരളാതെ പുറത്തുകടക്കണമെങ്കിൽ സർക്കസ് അഭ്യാസം നടത്തണം. വർഷങ്ങൾ നീണ്ട ബസ് സ്റ്റാൻഡ് നിർമാണം ഈ വർഷവും പൂർത്തിയാകുമോ എന്നത് കണ്ടറിയണം.
അടിസ്ഥാനസൗകര്യം യാതൊന്നുമില്ലാത്ത ഈ ബസ് സ്റ്റാൻഡിൽ യാത്രക്കാർ യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. ബസുകൾ കയറിയിറങ്ങി കുഴന്പുരൂപത്തിലായ സ്റ്റാൻഡിൽകൂടി നിലവിൽ നടക്കാൻപോലും കഴിയില്ല. നൂറിനുപുറത്ത് ബസുകൾ കടന്നുപോകുന്ന സ്റ്റാൻഡിൽ ടാറിംഗ് മുഴുവൻ ചേറും ചെളിയും മൂടി കിടക്കുകയാണ്.
ഇതിനുപുറമെ വലിയ കുഴികളിൽ മലിനജലം നിറഞ്ഞ് വെള്ളക്കെട്ടും രൂപപ്പെട്ടു.ഈ ഗർത്തങ്ങളിൽ യാത്രക്കാർ കുരുങ്ങുന്നതും പരിക്കേല്‍ക്കുന്നതും പതിവാണ്. വിദ്യാർഥികളും പ്രായമായവരും സ്റ്റാൻഡിൽ പ്രവേശിച്ച് ചെളിയിൽ ചവിട്ടി ബസിൽ കയറിയിറങ്ങുകയെന്നത് ദുഷ്കരമാണ്.
ബസ് സ്റ്റാൻഡ് നിർമാണം സംബന്ധിച്ച് വ്യാപക ആക്ഷേപവും പരാതികളും നിലനില്‍ക്കുന്നു്. ലക്ഷങ്ങളിൽ നിർമാണം തുടങ്ങിയ ബസ് സ്റ്റാൻഡ് കോടികൾ ചെലവഴിച്ചിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്.
ഇതിനിടെ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും പോരായ്മകളും ചൂണ്ടിക്കാട്ടി ഒറ്റപ്പാലം സിറ്റിസണ്‍സ് ഫോറം സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതും അടിസ്ഥാന സൗകര്യവികസനത്തിന് ഉത്തരവു നല്കിയതും പ്രധാന വഴിത്തിരിവുകളാണ്.