കടുത്തുരുത്തി: മാനസിക അസ്വസ്ഥതയുള്ള അഞ്ചു മക്കളിൽ മൂന്നുപേർ മരണത്തിനു കീഴടങ്ങി. ശേഷിക്കുന്ന രണ്ടു മക്കളേയും നെഞ്ചോട് ചേർത്ത് പെറ്റമ്മ.
മാഞ്ഞൂർ നടുപ്പറന്പിൽ പരേതനായ പുരുഷന്റെ ഭാര്യ ചെല്ലമ്മ (80) ആണ് താളം തെറ്റിയ മനസുമായി കഴിയുന്ന മക്കളുടെ പരിചരണത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ചത്.
വാർധക്യത്തിൽ തണലാകേണ്ട മക്കളെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും ചെല്ലമ്മ യാതൊരു പരിഭവവുമില്ലാതെ കാത്തു സംരക്ഷിക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്.
ചെറുപ്പത്തിൽ മാനസിക ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ കാണിക്കാതിരുന്ന മക്കൾ ക്രമേണ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങളും പരിസരവാസികൾ നൽകുന്ന സഹായത്താലുമാണ് ഇവരുടെ കുടുംബം കഴിഞ്ഞുപോരുന്നത്.
ചെല്ലമ്മയുടെ ഭർത്താവ് പുരുഷൻ വർഷങ്ങൾക്കുമുന്പ് മരിച്ചു. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന മക്കളായ ദാസും ബിജുവും വർഷങ്ങളുടെ വ്യത്യാസത്തിൽ പിന്നീട് മരിച്ചു.
കഴിഞ്ഞദിവസം ചെല്ലമ്മയുടെ മൂന്നാമത്തെ മകനായ അജി (50) യും മരണത്തിനു കീഴടങ്ങി. മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരും മൃതദേഹത്തിനൊപ്പം രണ്ടുദിവസത്തോളം കഴിഞ്ഞു.
ബുധനാഴ്ച്ച ഉച്ചയോടെ മാഞ്ഞൂർ പഞ്ചായത്തംഗം സാലിമോൾ ജോസഫ് ഇവരുടെ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതോടെ മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണ് കട്ടിലിൽ അജി മരിച്ചുകിടക്കുന്നത് കണ്ടത്.
ചെല്ലമ്മയുടെ വീടിന്റെ അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് ഓഫീസിൽനിന്ന് സഹായം അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളുമായി എത്തിയതായിരുന്നു പഞ്ചായത്തംഗം.
ഈ സമയം ചെല്ലമ്മയും ഇളയമകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു.തനിച്ചു കിടക്കാൻ പേടിയുള്ള അജിയോടൊപ്പമാണ് ചെല്ലമ്മ രാത്രി കിടന്നിരുന്നത്.
മരിച്ചതറിയാതെ ഞായറാഴ്ച മുതൽ മകന്റെ മൃതദേഹത്തിനൊപ്പമാണ് ചെല്ലമ്മ കിടന്നുറങ്ങിയിരുന്നത്. അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാൽ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയൽവാസികൾ പറയുന്നു.
പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവർക്ക് വീടു നിർമിച്ചു നൽകിയത്. മക്കളെ ഇവിടെനിന്നും മാറ്റി നല്ല ചികിത്സ ഉൾപ്പെടെ ലഭ്യമാക്കാമെന്ന് പറഞ്ഞു നേരത്തെ ചെല്ലമ്മയുമായി സംസാരിച്ചിരുന്നെങ്കിലും തനിക്ക് ജീവനുള്ളിടത്തോളം കാലം മക്കളെ താൻതന്നെ സംരക്ഷിക്കുമെന്ന നിലപാടിലായിരുന്നു ചെല്ലമ്മയെന്ന് പഞ്ചായത്തംഗം പറഞ്ഞു.
ശേഷിക്കുന്ന മിനി, രാജു എന്നിവരുടെ ചികിത്സയും തുടർജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബന്ധുക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പഞ്ചായത്തംഗം സാലിമോൾ ജോസഫ് പറഞ്ഞു.