കൊച്ചി: ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ കൊച്ചിയുടെ തീരമേഖലകളിലെ കടല്‍കയറ്റം ഇന്നും രൂക്ഷമായി തുടരുന്നു. കൂടുതല്‍ വീടുകളില്‍കൂടി ഇന്ന് വെള്ളം കയറി.
ചെല്ലാനമേഖലയിലെ 17.5 കിലോമീറ്റര്‍ തീരവും കടല്‍ക്ഷോഭത്തിന്റെ കെടുതികളിലാണ്. രാവിലെ മുതല്‍ ശക്തമായ കാറ്റ് പ്രദേശത്ത് വീശുന്നുണ്ട്. കടല്‍ഭിത്തികള്‍ പോലും തകര്‍ത്തുകൊണ്ടാണ് തിര അടിച്ചുകയറുന്നത്.
ജിയോഭിത്തികള്ക്കും തിരയെ തടഞ്ഞുനിര്‍ത്താനായില്ല. ജിയോഭിത്തികള് കവിഞ്ഞും വെള്ളം ഇരച്ചുകയറുകയാണ്.എടവനക്കാട്, വൈപ്പിന്‍ മേഖലകളുടെ സ്ഥിതിയും അതിദയനീയമാണ്.
രാവിലെ മുതല്‍ ആരംഭിച്ച വേലിയേറ്റം പലവീടുകളേയും വെള്ളത്തില്‍ മുക്കി. ചിലതു നിലം പൊത്തി. ഇരച്ചെത്തിയ വെള്ളത്തിന്റെ ശക്തിയേറിയതോടെ ചിലര്‍ ക്യാമ്പുകളിലേക്ക് മാറ്റി.
എന്നാല്‍ കൊവിഡ് ഭീതിയില്‍ കാമ്പുകളിലേക്ക് മാറാന്‍ പലരും കൂട്ടാക്കുന്നില്ല. ഞാറയ്ക്കല്‍, എടവനക്കാട്, ഞായരമ്പലം, കുഴുപ്പിള്ളി, ഞാറയ്ക്കല്‍ പഞ്ചായത്തുകളില്‍ 750 ഓളം വീടുകളില്‍ വെള്ളം കയറി.
ചെമ്മീന്‍ പാടങ്ങളിലും നെല്‍പ്പാടങ്ങളിലും നീര്‍ത്തടങ്ങളിലും വെള്ളം കയറി. കൃഷികള്‍ നശിച്ചു. കടല്‍ഭിത്തിയില്ലാത്ത നായരമ്പലം, പുത്തന്‍കടപ്പുറം, എടവനക്കാട്, അണിയല്, കുട്ടുങ്ങല്‍ മേഖലകളില്‍ സ്ഥിതി അതീവരൂക്ഷമാണ്.
വടക്കേചെല്ലാനത്ത് വീട്ടിലേക്ക് വെള്ളം കയറുന്നത് തടയാനുള്ള ശ്രമത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. വലിയപറമ്പില്‍ വി.വി. ആന്റണിയാണ് (65) മരിച്ചത്.
ചെല്ലാനം പഞ്ചായത്തില്‍ മറുവാക്കാട് ബസാര്‍, കമ്പനിപ്പടി, തെക്കേചെല്ലാനം എന്നിവിടങ്ങളിലാണ് വന്‍തോടില്‍ കടല്‍കയറ്റം ഉള്ളത്. നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മിക്ക വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മേഖലയിലെ അന്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്ച്ചിപ്പു. ഒട്ടേറെ പേര് ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് സ്കൂള്‍ മുറ്റത്തും വെള്ളം കയറിയത് ഇരട്ടി ദുരിതമായി.
വൈദ്യുതിയും യാത്രാമാര്‍ഗങ്ങളും മിക്കയിടങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്. ഹൈബി ഈഡന് എംപി,കളക്ടര്‍ എസ് സുഹാസ് എന്നിവര്‍ ചെല്ലാനത്തെത്തി സ്ഥിതി വിലയിരുത്തി.
ചെല്ലാനത്തെ ദുരിത ബാധിത മേഖലയില്‍ 28 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം എത്തി. ഇവരെ വെള്ളപ്പൊക്കം രൂക്ഷമായ ചെല്ലാനം മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്.
കൊച്ചി താലൂക്കില്‍ മൂന്നു ക്യാംപുകളിലായി മുപ്പതോളം പേരെയാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. കോവിഡ് രോഗം കണ്ടെത്തുന്നവരെ കുമ്പളങ്ങിയിലെ എഫ്എല്‍ടിസിയിലേക്ക് മാറ്റും.
പെരിയാറിലെ ജലനിരപ്പ് ഉയരുന്നു;ഭൂതത്താന്‍കെട്ടിലെ ഏഴ് സ്പില്‍വേകള്‍ തുറന്നു
കൊച്ചി: മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 സ്പില്‍വേകളില്‍ ഏഴെണ്ണം പൂര്‍ണമായി തുറന്നു. 34.40 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.
502.11 ക്യുബിക്ക് മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ തുറന്നുവിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പലര്ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.