പത്തനംതിട്ട: പിതാവ് അടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകൻ ദീപനെ (26) പോലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട മേലേവെട്ടിപ്രം ചാഞ്ഞപാറയ്ക്കൽ വീട്ടിൽ ചെല്ലപ്പനാണ് (62) മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ചെല്ലപ്പനും ദീപനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ വീട്ടുജോലിക്കായി മറ്റൊരു വീട്ടിലായിരുന്നു. മദ്യപിച്ചെത്തിയ മകൻ ചെല്ലപ്പനെ മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബഹളവും വഴക്കും പതിവായിരുന്നതിനാൽ അയൽവാസികൾ അവിടേക്ക് പോയിരുന്നില്ല.പൊന്നമ്മ ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോൾ ചെല്ലപ്പനെ അവശനായി കാണപ്പെട്ടു. പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ദീപൻ സമ്മതിച്ചില്ല.
ഇന്നലെ ഉച്ചയോടെ ചെല്ലപ്പൻ അബോധാവസ്ഥയിലായി. ദീപൻ വീട്ടിൽ നിന്നു പോയപ്പോൾ പൊന്നമ്മ അയൽവാസികളെ വിളിച്ചുവരുത്തി. വൈകുന്നേരം നാലോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ചെല്ലപ്പനും ദീപനും കൂലിപ്പണിക്കാരാണ്. ദീപൻ പിതാവുമായി പിണങ്ങി കുറച്ചു ദിവസമായി തോന്ന്യാമലയിലെ ഭാര്യവീട്ടിലായിരുന്നു താമസം. ചെല്ലപ്പന്റെ മകൾ ദിവ്യ.