നീലേശ്വരം: ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നീലേശ്വരം നഗരസഭയിൽ അതീവജാഗ്രത.
അടുത്തടുത്ത വാർഡുകളായ പട്ടേന, പഴനെല്ലി, സുവർണവല്ലി എന്നിവിടങ്ങളിലെ രണ്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണു ചെള്ളുപനി ബാധിച്ചത്.
രണ്ടുപേർ കർഷകരും ഒരാൾ ക്ഷേത്ര പൂജാരിയുമാണ്. പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ നടത്തിയ വിശദ പരിശോധനയിലാണു സ്ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെള്ളുപനിയാണിതെന്നു തിരിച്ചറിഞ്ഞത്.
അത്യപൂർവമായി മാത്രമാണു ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർക്ക് മാത്രമാണു രോഗബാധയുണ്ടായത്.
ചെള്ളു കടിയിലൂടെ ശരീരത്തിൽ കടക്കുന്ന ബാക്ടീരിയയാണു രോഗം പരത്തുന്നത്. എന്നാൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരില്ല.
കടുത്ത പനി, കണ്ണിൽ ചുവപ്പ്, പേശിവേദന, തലവേദന, മയക്കം, വയറിളക്കം എന്നിവയാണു രോഗലക്ഷണങ്ങൾ.
രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിക്കാം. രോഗബാധ രൂക്ഷമാകുന്നതോടെ ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടും.
സാധാരണയായി പനിയുടെ ലക്ഷണങ്ങൾ വച്ച് ചികിത്സ നിർണയിക്കുന്നതിനാലാണു രോഗം കണ്ടുപിടിക്കാൻ വൈകുന്നത്.
ശരീരത്തിൽ പാടുകൾ കണ്ടു തുടങ്ങുന്നതോടെയാണു ചെള്ളുപനി തിരിച്ചറിയാനുള്ള രക്തപരിശോധന നടത്തുന്നത്.
ജില്ലയിൽ നിലവിൽ ഇതിനു സൗകര്യമില്ലാത്തതിനാൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങളിലെ രക്തസാന്പിളുകൾ കോഴിക്കോട്ടെ ലാബിലേക്ക് അയച്ചാണു രോഗം നിർണയിക്കുന്നത്.
കൃഷിപ്പണി ചെയ്യുന്നവർ, വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നവർ, കാടുമൂടിയ പറമ്പുകളിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരാണു കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ഇവർക്കാണ് ചെള്ളുബാധയുണ്ടാകാനുള്ള സാധ്യത കൂടുതൽ. കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ചെള്ളുകളെ തിരിച്ചറിയാൻ പാടാണ്. ഇവ രക്തം കുടിക്കുന്നതുമറിയില്ല.
തൊലിപ്പുറത്തു നീരുണ്ടാകുമ്പോഴാണു പലരും ശ്രദ്ധിക്കുക. ചെള്ളുബാധയ്ക്കു സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ രോഗലക്ഷണങ്ങൾ കണ്ടാലുടൻ പരിശോധിക്കുകയാണു രോഗബാധ കണ്ടെത്താനുള്ള മാർഗം.
രോഗം പടരാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ കൈയ്യുറ, കാലുറ എന്നിവയും ഫുൾ സ്ലീവ് ഷർട്ടും ധരിക്കണം. പറമ്പുകളിലും പൊതുസ്ഥലങ്ങളിലും കാടു തെളിക്കുകയും മാലിന്യം നീക്കുകയും വേണം.
ചെള്ളുപനിക്കു പലപ്പോഴും ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണു രോഗനിർണയം ബുദ്ധിമുട്ടിലാക്കുന്നത്.
രോഗി വരുന്ന പ്രദേശത്തെ രോഗസാധ്യത, തൊലിപ്പുറമേയുള്ള എസ്കാർ, രക്തപരിശോധന ഫലം എന്നിവ രോഗ നിർണയത്തിനു സഹായിക്കും.
വീൽ ഫെലിക്സ് ടെസ്റ്റ് ആണു രോഗ നിർണയത്തിനു പ്രത്യേകമായുള്ള ലബോറട്ടറി പരിശോധന. എലൈസ ടെസ്റ്റിലൂടെയും രോഗനിർണം സാധ്യമാണ്. ആന്റി ബയോട്ടിക്കുകൾ ഉപയോഗിച്ചാണു ചികിത്സ.
രോഗബാധ റിപ്പോർട്ട് ചെയ്തതോടെ നീലേശ്വരത്തു ജില്ലാ മലേറിയ ഓഫിസർ വി. സുരേശന്റെ നേതൃത്വത്തിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നീലേശ്വരം സബ് യൂണിറ്റ് രംഗത്തിറങ്ങി.
ഫീൽഡ് അസിസ്റ്റന്റ് എ.വി. ദാമോദരൻ, നീലേശ്വരം താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് തീർഥങ്കര, വെക്ടർ കൺട്രോൾ യൂണിറ്റി ജീവനക്കാരായ തങ്കമണി, ലത, അനീഷ്, സുമേഷ്, ആശാ വർക്കർമാർ എന്നിവരാണ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾക്കും പരിശോധനയ്ക്കും നേതൃത്വം നൽകിയത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു പഴനെല്ലി ഫ്രണ്ട്സ് ക്ലബിൽ ബോധവത്കരണ ക്ലാസും നടത്തും.
നീലേശ്വരം താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗവും ജില്ലാ മെഡിക്കൽ ഓഫീസ് സംഘവും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നു സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദ് പറഞ്ഞു.