ലണ്ടന്‍: പരിക്ക് ഭേദമായുള്ള തിരിച്ചുവരവ് ഡിയേഗോ കോസ്റ്റ ഗംഭീരമാക്കി.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി എതിരില്ലാത്ത രണ്ടു ഗോളിന് ഹള്‍സിറ്റിയെ പരാജയപ്പെടുത്തി. 45+7-ാം മിനിറ്റില്‍ ഗോള്‍ നേടിയ സ്പാനിഷ് താരം ഈ പ്രീമിയര്‍ ലീഗ് സീസണില്‍ 15-ാം ഗോളിലെത്തി. ഇതിനുശേഷം 81-ാം മിനിറ്റിലെ ഗാരി കാഹിലിന്റെ ഹെഡറും ചേര്‍ന്നപ്പോള്‍ നീലകുപ്പായക്കാരുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
കഴിഞ്ഞയാഴ്ച ലീസ്റ്റര്‍ സിറ്റിയെ 3-0ന് തോല്‍പ്പിച്ച മത്സരത്തില്‍ പുറംവേദനയെത്തുര്ന്ന് കോസ്റ്റ കളിച്ചിരുന്നില്ല. കൂടാതെ പരിശീലകന് അന്റോണിയോ കോന്റയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സ്റ്റാര്‍ സ്ട്രൈക്കറുമായി തനിക്കു ഒരു വിദ്വേഷവുമില്ലെന്ന് കോന്റെ പറഞ്ഞു. ചെല്‍സിയുടെ കുപ്പായത്തില്‍ കോസ്റ്റയുടെ നൂറാം മത്സരമായിരുന്നു.
ഇഞ്ചുറി ടൈമിലെ ഏഴാം മിനിറ്റില്‍ നേടിയ കോസ്റ്റ നൂറാം മത്സരത്തില്‍ വലുകുലുക്കി. ഹള്‍ താരം റയാന് മാസന്റെ തലയ്ക്കേറ്റ ഗുരുതരപരിക്കാണ് ആദ്യ പകുതി നീട്ടിയത്. കാഹിലിന്റെ മാസന്റെയും തലകള്‍ കൂട്ടിമുട്ടിയതാണ് പരിക്കിനിടയാക്കിയത്. രണ്ടാം പകുതിയില്‍ കോസ്റ്റ ലീഡ് ഉയര്‍ത്തേണ്ടതായിരുന്നു. മറുവശത്ത് ഹള്ളും സമനിലയ്ക്കായി ശ്രമം നടത്തി. ഹള്ളിനു തിരിച്ചടിക്കാനുള്ള ശ്രമത്തിന് അവസരം നല്‍കാതെ 81-ാം മിനിറ്റില്‍ കാഹില്‍ വിജയം ഉറപ്പിച്ചു.