പ്രീമിയർ ലീഗിലെ പോലെ എഫ്എ കപ്പിലും നീലപ്പട കുതിക്കുകയാണ്. മുഖ്യഎതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്വാർട്ടറിൽ തോൽപ്പിച്ചു ചെൽസി സെമിയിലെത്തിയത് ഉജ്വല പോരാട്ടത്തിനൊടുവിലാണ്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. സൂപ്പർ താരങ്ങളായ സ്ളാട്ടൻ ഇബ്രാഹിമോവിച്ച്, വെയ്ൻ റൂണി എന്നിവരില്ലാതെ ഇറങ്ങിയ ചുവന്ന ചെകുത്താന്മാരുടെ ടീം തികച്ചും നിറംമങ്ങി. ബില്യൺ ഡോളർ ബേബിയായ പോൾ പോഗ്ബയുടെ നിറംമങ്ങിയ ഫോം തുടരുകയാണ്.
ചെൽസിയുടെ സ്വന്തം സ്റ്റാംഫോർഡ് ബ്രിഡ്ജ് മൈതാനത്തു നടന്ന മത്സരം അത്യന്തം ആവേശം നിറഞ്ഞതും പരിശീലകരുടെ ആവേശവും വാഗ്വാദങ്ങളും അതിർത്തി ഭേദിച്ചവയുമായിരുന്നു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 51ാം മിനിറ്റിൽ ഫ്രാൻസിന്റെ എൻഗോളോ കാന്റെയാണ് ചെൽസിയുടെ നിർണായക ഗോൾ നേടിയത്.
ചെൽസിയുടെ ഈഡൻ ഹസാർഡിനെ ആൻഡർ ഫെരേര ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക് ആണ് ഗോളിൽ കലാശിച്ചത്. പന്ത് അടിക്കുന്നതിനു പകരം പാസ് നൽകുകയായിരുന്നു. പന്ത് ലഭിച്ചത് പോസ്റ്റിനു പുറത്തുണ്ടായിരുന്ന എൻഗോളോ കാന്റെയ്ക്കായിരുന്നു. നീണ്ട ഷോട്ടിലൂടെ കാന്റെ ലക്ഷ്യം കണ്ടു. മഞ്ഞക്കാർഡിനെത്തുടർന്നു ഹെരേര ചുവപ്പുകാർഡു കണ്ടു കളം വിടുകയും ചെയ്തു.
ഇരുടീമും ശക്തമായ ആക്രമണമാണ് കാഴ്ചവച്ചത്. ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ മാഞ്ചസ്റ്റർ കൂടുതൽ ശ്രമങ്ങൾ നടത്തിയെങ്കിലും ചെൽസിയുടെ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് ചെൽസിയും ലീഡുയർത്താൻ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ പ്രതിരോധവും ദൃഢമായിരുന്നു.
പലപ്പോഴും നേരിയ വ്യത്യാസത്തിനാണ് ചെൽസിയുടെ ശ്രമങ്ങൾ ഗോളാകാതിരുന്നത്. ഇതിനിടെ ചെൽസിയുടെ ഗോളി മാത്രം മുന്നിൽ നിൽക്കേ മാഞ്ചസ്റ്ററിന്റെ റാഷ്ഫോർഡിന്റെ ഗോൾശ്രമം വിഫലമായി. പന്ത് ഗോളിയുടെ ദേഹത്തു തട്ടി പുറത്തുപോയി. ഇതിനിടെ ചെൽസി കോച്ച് അന്റോണിയോ കോണ്ടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോയും തമ്മിൽ നേർക്കു നേർ പോർവിളിക്കുകയും ചെയ്തു.
ഇവരുടെ ആക്രോശം പലവട്ടം പരിധി ലംഘിച്ചതോടെ റഫറിക്കു താക്കീതും നൽകേണ്ടി വന്നു. കളിയിൽ ചെൽസിക്കു തന്നെയായിരുന്നു ആധിപത്യം. മാഞ്ചസ്റ്റർ നിരയിൽ മുഖ്യ സ്ട്രൈക്കറായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അഭാവം പ്രകടമായിരുന്നു. മറ്റൊരു താരമായ പോൾ പോഗ്ബ ശോഭിച്ചതുമില്ല.