ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് അവസാനമായി. പ്രീമിയര്‍ ലീഗില്‍ 18 കളിയില്‍ തുടർച്ചയായി വിജയം നേടിക്കുതിച്ച സിറ്റിയെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ കുടുക്കി.
എന്നാൽ ഗോൾകീപ്പറുടെ മികവിൽ സിറ്റിൽ തോൽവിയിൽനിന്നു രക്ഷപ്പെട്ടു. അവസാന മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസിനു ലഭിച്ച പെനാല്‍റ്റി തടഞ്ഞാണ് ഗോള്‍കീപ്പര്‍ എഡേഴ്സണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പ് നിലനിര്‍ത്തിയത്. 90+2-ാം മിനിറ്റില്‍ പാലസിന്റെ വില്‍ഫ്രഡ് സാഹയെ പെനാല്‍റ്റി ബോക്സിനുള്ളില്‍ റഹീം സ്്റ്റെര്ലിംഗ് വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലൂക്ക മിലിവോജെവിച്ചിന് വല യിലെത്തിക്കാനായില്ല.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്ത് പതിച്ചു. സ്വന്തം ഓള്‍ഡ് ട്രാഫര്ഡ് സ്റ്റേഡിയത്തില്‍ യുണൈറ്റഡിനെ സതാംപ്ടണ് ഗോള്‍രഹിത സമനിലയില്‍ കുടുക്കി. മറ്റൊരു മത്സരത്തില്‍ വന്‍ജയം നേടിയ ചെല്‍സി രണ്ടാം സ്ഥാനത്തേക്കു കയറി. സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി മറുപടിയില്ലാത്ത അഞ്ചു ഗോളിന് സ്റ്റോക് സിറ്റിയെ തകര്‍ത്തു.
ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിൽ വഴിയൊരുക്കുകയും ചെയ്ത വില്യന്റെ മികവില്‍ ചെല്‍സി വന്‍ ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ തന്നെ ചെല്‍സി മൂന്നു ഗോളിനു മുന്നിലെത്തി. ആന്റോണിയോ റൂഡിഗര്‍, പെഡ്രോ എന്നിവരുടെ ഗോളിനിടെ ഡാനി ഡ്രിങ്ക്വാട്ടറിന്റെ മികച്ചൊരു ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ വില്യനും പകരക്കാരന് ഡേവിഡ് സപാകോസ്റ്റയും ഗോള്‍ നേടി ചെല്‍സിയുടെ ജയം പൂര്‍ത്തിയാക്കി.
ഒരു ഗോളിനു പിന്നില്‍ നിന്ന ലിവര്‍പൂള്‍ രണ്ടു ഗോളടിച്ച് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലഹ് രണ്ടാം പകുതിയില്‍ നേടിയ ഇരട്ട ഗോളാണ് ലിവര്‍പൂളിനു ജയമൊരുക്കിയത്. മൂന്നാം മിനിറ്റില്‍ ലെസ്റ്റര്‍ സൂപ്പര്‍ താരം ജെയ്മി വാര്‍ഡിയിലൂടെ മുന്നിലെത്തി.
എന്നാല്‍ രണ്ടാം പകുതിയില്‍ സാലഹിന്റെ ഗോളുകള്‍ ലെസ്റ്ററിന്റെ എല്ലാ മോഹവും തകര്‍ത്തു. ലിവര്‍പൂളിനു വേണ്ടി സാലഹ് നേടുന്ന 23-ാമത്തെ ഗോളാണ്. ഇതില്‍ 17 എണ്ണം ലീഗിലാണ്. രണ്ടു ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം 1961-62 സീസണില്‍ ലിവര്‍പൂളിന്റെ റോജര്‍ ഹണ്ട് നേടിയ ഗോളുകളുടെ റിക്കാര്‍ഡിനൊപ്പമെത്തി.