ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഇതിനോടകം ഉറപ്പിച്ച ചെല്‍സി ലീഗിലെ തങ്ങളുടെ അവസാന രണ്ടു കളികളില്‍ ആദ്യമത്സരത്തില്‍ വിജയിച്ചു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളിനാണ് ചെല്‍സി വിജയിച്ചത്. 3-3 സമനിലയിലേക്കു പോകുമായിരുന്ന മത്സരത്തില്‍ 88-ാം മിനിറ്റില്‍ സെസ് ഫാബ്രിഗസ് നേടിയ ഗോളിലൂടെയാണ് ചെല്‍സി വിജയം സ്വന്തമാക്കിയത്.
വെറ്ററന്‍ താരം ജോണ്‍ ടെറി (22), സെസാര്‍ അസ്പിലികുവേറ്റ(36), മിഷി ബാറ്റ്ഷുവായി (49) എന്നിവരും ചെല്‍സിക്കായി സ്കോര്‍ ചെയ്തു.
എറ്റിനി കാപൂ (24), ഡാരില്‍ ജന്മാത് (51), സ്റ്റെഫാനോ ഒകാക (74) എന്നിവര്‍ വാറ്റ്ഫഡിനായി സ്കോര്‍ ചെയ്തു. ആക്രമണപ്രത്യാക്രമണങ്ങള്‍ കൊണ്ടു സമ്പന്നമായ മത്സരത്തില്‍ അന്റോണിയോ കോന്റെയുടെ കുട്ടികള്‍ നിറഞ്ഞു കളിച്ചു. സ്റ്റാംഫോര്‍ഡ് ബ്രിജിലെ സ്വന്തം കാണികള്‍ നല്കിയ പിന്തുണയിലായിരുന്നു ചെല്‍സിയുടെ കുതിപ്പ്. കിരീടം ഇതിനോടകം ഉറപ്പിച്ച ചെല്‍സിയുടെ ഓരോ മുന്നേറ്റവും അവര്‍ ആഘോഷിച്ചു. 37 മത്സരങ്ങളില്‍നിന്ന് 90 പോയിന്റുമായി ചെല്‍സി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഞായറാഴ്ച സണ്ടര്ലന്ഡിനെതിരേയാണ് ചെല്‍സിയുടെ അവസാന മത്സരം. ഇതും സ്വന്തം മൈതാനത്തു നടക്കുന്നതിനാല്‍ കിരീടനേട്ടത്തിന്റെ ആഹ്ലാദവും ആവേശവും അതിരു കടക്കുമെന്നുറപ്പ്.
വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് താരം ജോണ്‍ ടെറി ഗോള്‍ നേടി എന്നതാണ് മത്സരത്തിലെ വലിയ പ്രത്യേകത. 485 ദിവസങ്ങള്‍ക്കു ശേഷമാണ് ടെറി ഒരു ഗോള്‍ നേടുന്നത്. 2016 ജനുവരി 16നാണ് ടെറി അവസാനമായി ഗോള്‍ നേടുന്നത്. കിരീടം ഉറപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെസ്റ്റ്ബ്രോമിനെതിരേ സ്കോര്‍ ചെയ്ത ബാറ്റ്ഷുവായി തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സ്കോര്‍ ചെയ്തു. ലീഗിൽ ടോട്ടനം ഹോട്സ്പർ രണ്ടാമതും മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്.
ഹൈലൈറ്റ്സ്
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ (29) റിക്കാര്‍ഡ് ചെല്‍സിക്കു സ്വന്തം. 2004-05, 2005-06 വര്‍ഷങ്ങളില്‍ ചെല്‍സി ഇത്രയും വിജയം നേടിയിരുന്നു.
2003ല്‍ റോമന്‍ അബ്രാമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥത കൈയാളിയ ശേഷം ടീം നേടുന്ന 1000-ാമത്തെ ഗോളാണ് ടെറിയിലൂടെ നേടിയത്.
ചെല്‍സിക്കെതിരേ ഈ സീസണില്‍ പോം മത്സരത്തിലും എവേ മത്സരത്തിലും ഗോള്‍ നേടിയ ഏകതാരമാണ് എറ്റിനി കാപൂ.