കൊയിലാണ്ടി: ആട്ടവിളക്കിന് മുമ്പിൽ ആടിത്തളരാത്ത നടന കൗതുകത്തിന്റെ ആൾരൂപമായി കലാകേരളം നെഞ്ചേറ്റിയ നാട്യഗുരുവിന് നാളെ നൂറ്റിമൂന്നാം പിറന്നാൾ. ജന്മനാടായ ചേലിയ ഗ്രാമം ഗരുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണിപ്പോൾ. കലാ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സംഗമവേദിയായി നാളെ ചേലിയ ഗ്രാമത്തിലെ രാഷ്ട്രീയസാംസ്കാരിക കേന്ദ്രങ്ങൾ മാറും.
എട്ടരപ്പതിറ്റാണ്ട് കാലത്തെ നടനസപര്യയിലൂടെ കഥകളിയെന്ന കലാരൂപത്തെ ജനകീയവൽക്കരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 15-ാം വയസ്സിലാണ് കഥകളി രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗുരുവായിരുന്ന കരുണാകരമേനോന്റെ ശിക്ഷണത്തിൽ ദുര്യോദനവധം ആട്ടക്കഥയിലെ പാഞ്ചാലിയുടെ വേഷത്തിലായിരുന്നു രംഗപ്രവേശം.
95-ാം പിറന്നാൾ ദിനത്തിൽ ആട്ടവിളക്കിനുമുന്നിൽ ഇഷ്ടവേഷമായ കൃഷ്ണനായി അരങ്ങിലെത്തിയ ഗുരുവിന്റെ നൂറാം പിറന്നാൾ ചേലിയ ഗ്രാമം ആഘോഷിച്ചത് ധന്യം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെയായിരുന്നു. 101-ാം പിറന്നാൾ ആഘോഷത്തോടെ ചേലിയ ഗ്രാമം സമ്പൂർണ കഥകളി സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടു.
വടക്കൻ ചിട്ടയിൽ കഥകളിയും നൃത്തവും അഭ്യസിപ്പിച്ചു കൊണ്ടുള്ള ഗുരുവിന്റെ പ്രയാണത്തിനിടെയാണ് 1945ൽ തലശ്ശേരിയിൽ ഭാരതീയ നാട്യകലാലയം, 1977ൽ പുക്കാട് കലാലയം, തുടങ്ങിയ നാട്യ കലാ സ്ഥാപനങ്ങൾക്ക് തുടക്കം കറിച്ചത്.1983ൽ ചേലിയ കഥകളി വിദ്യാലയം സ്ഥാപിക്കപ്പെട്ടു.
1979ബൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ,1999 ൽ അക്കാദമി ഫെലോഷിപ്പ്, 2001ൽ കലാമണ്ഡലം നാട്യ രത്നം അവാർഡ്, 2002ൽ കേരള കലാ ദർപ്പണം അവാർഡ് ,പാഞ്ചജന്യം അവാർഡ്, മയിൽപ്പീലി അവാർഡ് ,തിരുവനന്തരം ശ്രേഷ്ഠ കലാ പുരസ്കാരം, മലബാർ സുകമാരൻ ഭാഗവതർ അവാർഡ്, കേരള കലാമണ്ഡലം കലാരത്നം അവാർഡ്, 2012ൽ ടാഗോർ പുരസ്കാരം, 2013ൽ ആലുവ ബാലസാംസ്കാരിക കേന്ദ്രം ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയ നിരവധി ബഹുമതികൾ ഗുരുവിനെ തേടിയെത്തി.2017ലാണ് ഗുരുവിന് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
ഗുരുകുല വിദ്യാഭ്യാസം മാത്രമുള്ള ഗുരു ചേമഞ്ചേരി 1916 ജൂൺ 26ന് മടയൻ കണ്ടി ചാത്തുക്കുട്ടി നായരുടേയും കിണറ്റിൻകര കുഞ്ഞുമ്മക്കുട്ടി അമ്മയുടേയും മകനായാണ് ജനിച്ചത്. മകൻ: ബാബു എന്ന പവിത്രൻ. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി 9ന് വൈകുന്നേരം മൂന്നിന് ആദര സമ്മേളനം കെ. ദാസൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ആർ.എൽ.വി. രാധാകൃഷ്ണൻ എന്നിവരോടൊപ്പം കലാലയം അധ്യാപകരും, വിദ്യാർഥികളും അവതരിപ്പിക്കുന്ന നളചരിതം നാലാം ദിവസം കഥകളി അരങ്ങേറും.