തൃശൂർ: ചൂണ്ടയിൽനിന്നു മീൻ കടിച്ചുമാറ്റി വേർപെടുത്തുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസവും രക്തസ്രാവവുമായി ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചയാളെ രക്ഷപ്പെടുത്തി.
വലക്കാവ് സ്വദേശി പാറത്തൊട്ടിയിൽ വർഗീസിന്റെ തൊണ്ടയിലാണ് മീൻ കുടുങ്ങിയത്. എമർജൻസി വിഭാഗത്തിൽ മത്സ്യത്തെ എടുക്കാൻ ശ്രമിച്ചെങ്കിലും അമിതരക്തസ്രാവം മൂലം സാധിച്ചില്ല.
പെട്ടെന്നുതന്നെ രോഗിയെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റി അനസ്തേഷ്യ നൽകി.ട്രക്കിയോസ്റ്റമി ചെയ്തു ശ്വാസതടസം മാറ്റിയതിനുശേഷം തൊണ്ടയിൽ കുടുങ്ങിയ 12 സെന്റിമീറ്റർ നീളമുള്ള മത്സ്യത്തെ നീക്കം ചെയ്യുകയായിരുന്നു.
ഡോ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇഎൻടി വിഭാഗത്തിലെ ഡോ. ജോസ്ന, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ.അപർണ, ഡോ.കെസ്ലി എന്നിവരടങ്ങുന്ന സംഘമാണ് വിജയകരമായി മത്സ്യത്തെ പുറത്തെടുത്തത്. വർഗീസ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് ആശുപത്രി വിട്ടു.