കറുപ്പു നിറമാണ് കാണാന്‍ ഭംഗിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായി, ജീവിതത്തില്‍ കൂടുതല്‍ വളരണമെന്ന തോന്നല്‍ അങ്ങിനെയാണ് ഉണ്ടായത്: ചെമ്പന്‍ വിനോദ്

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന സിനിമയിലെ ‘ഇന്‍സ്‌പെക്ടര്‍ ശരവണന്‍’ എന്ന റോളിലൂടെയാണ് ചെമ്പന്‍ വിനോദിന്റെ മലയാള സിനിമാ പ്രവേശം. തുടര്‍ന്നും വ്യത്യസ്തമായ വേഷങ്ങള്‍ തേടിയെത്തിയ ചെമ്പന്‍ വിനോദിപ്പോള്‍ മലയാളത്തിലെ തിരക്കുള്ള അഭിനേതാവാണ്. താനൊരു പ്രശ്‌നക്കാരനാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കാറുണ്ടെന്നും അതിനു കാരണം തന്റെ രൂപമാണെന്നും ആ തോന്നലാണ് തന്നെ കൂടുതല്‍ വളരാന്‍ പ്രേമിച്ചതെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

‘ഞാനൊരു പ്രശ്‌നക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതിനു കാരണം എന്റെ രൂപമാണ്. എന്നാല്‍ ഈ രൂപം എനിക്ക് ഗുണമേ തന്നിട്ടുള്ളു. കറുപ്പ് നിറം, കാണാന്‍ അത്ര ഭംഗിയില്ല, ഈ തോന്നല്‍ എനിക്ക് തന്നെ അനുഭവപ്പെട്ടു. ജീവിതത്തില്‍ ഒരുപാട് മുന്നേറണമെന്ന തോന്നല്‍ അങ്ങിനെയാണ് ഉണ്ടായത്. അതാണ് ഇവിടെ വരെ എത്തിച്ചത്. അതില്‍ സന്തോഷമുണ്ട്.’ ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് പറഞ്ഞു.

‘സിനിമയില്‍ കേന്ദ്ര കഥാപാത്രമേ ചെയ്യു എന്ന പിടിവാശിയൊന്നുമില്ല. എന്നെ കാണാന്‍ ആളുകള്‍ തിയേറ്ററില്‍ ഇടിച്ചു കയറുമെന്ന വിശ്വാസവുമില്ല. സിനിമയില്‍ എന്റെ കഥാപാത്രം നല്ലതാണെന്നു മാത്രമേ നോക്കാറുള്ളു. ഒരിക്കലും ഒരു സിനിമാക്കാരന്റെ സെലിബ്രറ്റി ലൈഫ് പിന്തുരുന്ന ആളല്ല ഞാന്‍. നാളെ അഭിനയം മടുത്താല്‍ വേറെന്തെങ്കിലും ജോലി നോക്കും.’ ചെമ്പന്‍ വിനോദ് പറഞ്ഞു.

Related posts