പേരാമ്പ്ര: നാൽപ്പതു വർഷം മുമ്പ് പത്താം ക്ലാസ് പരീക്ഷയെഴുതി പിരിഞ്ഞു പോയവർ ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. കുടിയേറ്റ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ചെമ്പനോടയിൽ ഹൈസ്കൂൾ സ്ഥാപിതമായ ശേഷം ആദ്യമായി 1979ൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് 58 പേരാണ്.
വിദേശത്തും സ്വദേശത്തുമായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ഇവരിൽ 33 പേരാണു ബാച്ചിന്റെ പ്രഥമ കൂടിച്ചേരലിൽ പങ്കു ചേർന്നത്. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു പോയ സ്കൂളിന്റെ സ്ഥാപക മാനേജർ ഫാ. റാഫേൽ തറയിൽ, ആദ്യ പ്രധാനാധ്യാപകൻ എ.ഡി ആന്റണി, പ്രധാനാധ്യാപകൻ സി.ഡി തോമസ് , ആദ്യ ബാച്ചിലെ സഹപാഠികളായ ബാലകൃഷ്ണൻ, ലൂസി അമ്പാട്ട്, മറിയാമ്മ എന്നിവരെ സ്മരിച്ചുകൊണ്ടാണു സംഗമം ആരംഭിച്ചത്.
സ്കൂൾ മാനേജർ ഫാ. മാത്യു ചെറുവേലിൽ ഉദ്ഘാടനം ചെയ്തു. സ്മരണിക പ്രകാശനവും നടത്തി. കെ. ഡി. മത്തായി അധ്യക്ഷത വഹിച്ചു.ചെമ്പനോട ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോസഫ്, ഉഷ തോമസ്, കെ.എം ചെറിയാൻ, മുഖ്യ സംഘാടകനും റിട്ട. ആർമി ക്യാപ്റ്റനും ഒളിന്പ്യൻ കോച്ചുമായ കെ.എസ്. മാത്യു, ടി.ജെ ജെയിംസ്, വി.എ. തോമസ്, പി.ഡി തോമസ്, കെ.എം. ബേബി,
കെ.വി ഷേർളി, കത്രീന വടക്കേക്കൂറ്റ്, ബെന്നി അമ്പാട്ട് എന്നിവർ പ്രസംഗിച്ചു. ആദ്യ ഗുരുനാഥൻമാരായിരുന്ന തോമസ് ടി . ആറുപറ, ജോളി സൈമൺ, ജോർജുകുട്ടി ജോർജ്, വി.എൽ. ലൂക്ക, കെ.പി തോമസ്, ലിസിക്കുട്ടി, കെ. ഡി മേരിക്കുട്ടി എന്നിവരെ ആദരിച്ചു.
അപകടത്തെ തുടർന്ന് കിടപ്പിലായ ആദ്യകാല ഓഫീസ് ജീവനക്കാരൻ ചെമ്പനോടയിലെ ഐസക് ദേവസ്യയെ കൂട്ടുകാർ വീട്ടിലെത്തി ആദരിച്ചു. എല്ലാവരെയും പങ്കെടുപ്പിച്ചു ഇനിയും ഒത്തുകൂടാനും തീരുമാനിച്ചു.