വൈക്കം: സംസ്ഥാനത്തെ മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു മലയാള സിനിമയിലെ ഹാസ്യതാരമായ പാഷാണം ഷാജിയുമായാണ് രൂപ സാദൃശ്യമുണ്ടായിരുന്നതെങ്കിൽ പുതിയ പോലീസ് മേധാവിക്കു മലയാള സിനിമയിലെ ഒരു സ്വഭാവനടനുമായാണു മുഖസാദൃശ്യം.
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനിൽ കാന്ത് ചാർജെടുത്ത നിമിഷം മുതൽ മലയാള സിനിമയിലെ സ്വഭാവ നടൻ ചെന്പിൽ അശോകന്റെ ഫോണിലേക്ക് ആരാധകരുടെയും സുഹൃത്തുക്കളുടെയും നിലയ്ക്കാത്ത വിളിയാണ്.
ദൃശ്യമാധ്യമ പ്രവർത്തകർ പലയിടങ്ങളിൽനിന്ന് ഇന്നലെ വൈക്കം ചെന്പിലെ വീടു തേടി എത്തി. പോലീസ് മേധാവി അനിൽകാന്തുമായി കാഴ്ചയിൽ വളരെ സാമ്യമുണ്ടെന്ന് പറഞ്ഞു പലരും ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം ചെന്പിൽ അശോകനും ശ്രദ്ധിച്ചത്.
മുന്‍പ് ചില സിനിമകളിൽ മീശയില്ലാതെ അഭിനയിച്ച ചിത്രങ്ങളുമായി ഒത്തു നോക്കിയപ്പോൾ മറ്റുള്ളവർ പറഞ്ഞതിൽ കാര്യമുണ്ടെന്നു ചെന്പിൽ അശോകനും തോന്നി.
ഏതാനും വർഷം മുന്‍പത്തെ ചെന്പിൽ അശോകനെ മുന്നിൽ നിർത്തിയതുപോലത്തെ സാമ്യമാണു പുതിയ പോലീസ് മേധാവിയുടെ ചിത്രം കണ്ടപ്പോൾ തോന്നിയതെന്നാണു ചെന്പിൽ അശോകന്റെ ഭാര്യയുടെയും മക്കളുടെയും നിരീക്ഷണം.
തന്റെ ആദ്യ സിനിമയായ സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലെ കഥാപാത്രത്തെ ഇഷ്ടപ്പെട്ട് പ്രേക്ഷകരും സുഹൃത്തുക്കളും അഭിനന്ദനങ്ങൾ ചൊരിഞ്ഞിരുന്നു.
സംസ്ഥാനത്തെ പോലീസ് മേധാവിയോടുള്ള മുഖ സാദൃശ്യത്തിന്റെ പേരിൽ കഴിഞ്ഞ രണ്ടുദിവസമായി നൂറുകണക്കിനാളുകളുടെ സ്നേഹാന്വേഷണങ്ങളാണെത്തുന്നത്.
കലാപ്രവർത്തനം വഴിമുട്ടിയ ഈ മഹാമാരിക്കാലത്ത് ഒരു സാദൃശ്യത്തിന്റെ പേരിൽ പ്രേക്ഷകരുടെ സ്നേഹവായ്പും പ്രാർഥനകളും ലഭിക്കാനിടയാക്കിയ സംസ്ഥാന പോലീസ് ചീഫ് അനിൽകാന്തിനെ നേരിൽ കാണണമെന്ന ആഗ്രഹം ചെന്പിൽ അശോകനുണ്ട്.