പത്തനംതിട്ട: 114 സെന്റിമീറ്റർ നീളവും 94 സെന്റിമീറ്റർ വീതിയുമുള്ള ചേമ്പില സ്വന്തമായി ഉത്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് റാന്നി സ്വദേശിയായ റെജി ജോസഫിന് ലഭിച്ചു.
ഒറീസക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്.
കാർഷിക മേഖലയിൽ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റാണ് ഇത്. ഓൾ ഗിന്നസ് വേൾഡ് റെക്കോഡ്സി (ആഗ്രഹ്)ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സെക്രട്ടറി ഡോ. ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് റെജി ജോസഫിനു സമ്മാനിച്ചു.
ചേമ്പിന്റെ ഇലകൾ റാന്നി സെന്റ് തോമസ് കോളജ് , ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് റെജി പത്രസമ്മേളനത്തിൽ പറഞ്ഞു.
ആഗ്രഹ് സംസ്ഥാന കോ -ഓർഡിനേറ്റർ അശ്വിൻ വാഴുവേലിൽ, ജില്ലാ കൃഷിവിജ്ഞാന കേന്ദ്ര ശാസ്ത്രജ്ഞൻ ഡോ. സി.പി. റോബർട്ട്, ഡോ.റിൻസി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കിഴങ്ങുവർഗ കൃഷിയിൽ റെജിക്ക് മുന്പും റെക്കോർഡ്
2013 ൽ ഉയരം കൂടിയ ചേമ്പും 2014 ൽ ഉയരം കൂടിയ വെണ്ടക്കായും ഉത്പാദിപ്പിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും അഞ്ച് കിലോ തൂക്കം വരുന്ന കിഴങ്ങും ഒരു മൂട്ടിൽ നിന്നും 17 കിലോഗ്രാം തൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പിൽ ഉത്പാദിപ്പിച്ചതിന് യുആർഎഓഫ് വേൾഡ് റെക്കോർഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു.
2021ൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിൽ നിന്നും പ്ലാന്റ് ജിംനോം സെവിയർ ഫാമാർ റെക്കൊഗ്നേഷൻ അവാർഡും 2022ൽ പുസ കൃഷി വിഗ്വൻ മേളയിൽ ഇനോവേറ്റീവ് ഫാർമർ അവാർഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട് .
ചെറുപ്പകാലം മുതൽ കൃഷിയിലുള്ള താത്പര്യവും അതിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുമാണ് ഗിന്നസിലേക്ക് എത്തിച്ചതെന്ന് റെജി ജോസഫ് പറഞ്ഞു.
റാന്നി കടക്കേത്ത് വീട്ടിൽ പരേതരായ കെ. യു ജോസഫ്, ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ് റെജി ജോസഫ്. ഭാര്യ: സുനി റെജി. മക്കൾ: എൽഡാ റെജി, എമിൽഡാ റെജി.