വടകര: നിയമം അറിയില്ലെങ്കിൽ അത് പഠിക്കണമെന്നും അല്ലാതെ ഇപ്പണിക്ക് നിൽക്കരുതെന്നും ചോന്പാല പോലീസിനോട് വനിതാ കമ്മീഷൻ അംഗങ്ങൾ. കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് അംഗങ്ങളുടെ പരാമർശം. ഓർക്കാട്ടേരി സ്വദേശിനിയായ ഭർതൃമതി ചോന്പാല പോലീസിനെതിരെ നൽകിയ പരാതിയിലാണ് കമ്മീഷൻ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചത്.
പരാതിക്കാരിയേയും ഭർത്താവിനേയും മുൻ അയൽവാസിയായ യുവാവ് അടിച്ച് പരിക്കേൽപിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവമാണ് പ്രശ്നത്തിന് ആധാരം. പരാതി സ്വീകരിക്കാതെ പി·ാറാൻ പ്രേരിപ്പിക്കുകയും പിന്നീട് കേസെടുക്കാൻ നിർബന്ധിതമായപ്പോൾ നിയമപരമായ നടപടികൾ പാലിക്കാതിരിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തത് സംബന്ധിച്ചാണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്.
സിറ്റിംഗിൽ ചോന്പാല എസ്ഐ പി.കെ.ജിതേഷ് പങ്കെടുക്കാതിരുന്നതും അംഗങ്ങളുടെ വിമർശനത്തിന് കാരണമായി. സിറ്റിംഗിനെത്തിയ എഎസ്ഐ മുരളി, ഹെഡ് കോണ്‍സ്റ്റബ്ൾ മനോജ് എന്നിവരുടെ നിലപാടിനെ കമ്മീഷൻ അംഗങ്ങൾ വിമർശിച്ചു.
പരാതിക്കാരി ഹാജരാക്കിയ എഫ്ഐആർ പരിശോധിച്ചപ്പോൾ 2018 ഒക്ടോബർ 25ന് നടന്ന സംഭവത്തിൽ അന്ന് തന്നെ സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയെങ്കിലും 27 ന് രാത്രി 8.20നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. ഈ പരാതിക്ക് പിന്നിൽ മറ്റ് പലരും ആണെന്ന് എഎസ്ഐ പറഞ്ഞെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല.
സംഭവത്തിൽ സ്റ്റേഷനിൽ പരാതി നൽകിയില്ലെന്നും മൊഴിയെടുത്തത് വനിതാ കോണ്‍സ്റ്റബിൾ ആണെന്നും പോലീസ് പറഞ്ഞതും തെളിവുകൾക്ക് എതിരായിരുന്നു. ചോന്പാല പോലീസിനെതിരെയുള്ള സമാനമായ മറ്റു രണ്ട് പരാതികളും യുവതി കമ്മിഷനിൽ ഹാജരാക്കി. ഇതോടെ ചോന്പാലയിൽ മേലുദ്യോഗസ്ഥ·ാർ ഇല്ലേയെന്നും ഇങ്ങിനെയെങ്കിൽ സ്റ്റേഷൻ താഴിട്ട് പൂട്ടലാണ് നല്ലതെന്നുമാണ് കമ്മീഷൻ അംഗങ്ങൾ വിമർശിച്ചത്.
യുവതിയോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് കമ്മീഷൻ റൂറൽ എസ്പിക്ക് നിർദേശം നൽകി. എസ്ഐയോട് അടുത്ത സിറ്റിംഗിൽ ഹാജരാകണമെന്ന കർശന നിർദ്ദേശവും കമ്മീഷൻ നൽകിയിട്ടുണ്ട്. ഷാഹിദ കമാൽ, എം.എസ്.താര, ഇ.എം.രാധ എന്നിവരാണ് സിറ്റിംഗിൽ പങ്കെടുത്ത വനിതാ കമ്മീഷൻ അംഗങ്ങൾ.