കളമശേരി: നഗരസഭ സെക്രട്ടറിയുടെ മുറിയിൽ നിന്ന് ആഭിചാര ക്രിയയെന്ന് സംശയിക്കുന്ന രീതിയിൽ ചെമ്പു തകിട് അടങ്ങിയ മഞ്ഞവെള്ളം നിറച്ച കുപ്പി ലഭിച്ചു. ഇന്നലെ രാവിലെ കളമശേരി നഗരസഭ സെക്രട്ടറിയുടെ മുറിയി മേശയോട് ചേർന്നാണ് പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയത്. അവധിലായിരുന്ന നഗരസഭ സെക്രട്ടറി ഇന്നലെയാണ് ജോലിയിൽ പ്രവേശിച്ചത്.
മുറി കഴിഞ്ഞ ഒരു മാസമായി അടച്ചിട്ടതിനാൽ എപ്പോഴാണ് കുപ്പി വച്ചതെന്ന് അറിയാനായിട്ടില്ല. സിസി ടിവി കാമറകൾ ഉള്ളതിനാൽ ആരാണ് കയറിയതെന്ന് കണ്ടുപിടിക്കാമെങ്കിലും 21 ദിവസം കഴിഞ്ഞാൽ അവ റെക്കോഡ് ചെയ്യുന്ന ഡിസ്കിൽ നിന്ന് താനെ മാഞ്ഞുപോകുമെന്ന് ഇന്നലെ വരെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ശ്രീകുമാർ പറഞ്ഞു.
അതേ സമയം സെക്രട്ടറി ഇല്ലാത്തതിനാൽ മുറി പൂട്ടി ഉദ്യോഗസ്ഥൻ മാർ തന്നെ സൂക്ഷിക്കുന്ന താക്കോൽ എങ്ങിനെ ആഭിചാരക്രിയ ചെയ്യുന്ന ആളിൽ കിട്ടിയെന്നത് ദുരൂഹമാണ്. നഗരസഭയിലെ ജീവനക്കാരൻ തന്നെ ഇത് ചെയ്തതാണോയെന്ന സംശയവും ഉണ്ടായിട്ടുണ്ട്.
കൂടുതൽ പേര് കുടുങ്ങാതിരിക്കാൻ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ മാഞ്ഞുപോയി എന്ന് പ്രചരിപ്പിക്കാനാണ് ജീവനക്കാരും ശ്രമിക്കുന്നത്. മഞ്ഞവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പിയിൽ സമചതുര ചെമ്പുതകിട് ചുരുട്ടിവച്ച നിലയിലാണ് കണ്ടത്.അവയിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു വ്യക്തമല്ല.