കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ വിസ്തൃതമായ ചെന്പുച്ചിറ കുളത്തിന്റെ കരയിൽ ഉദ്യാനമൊരുക്കണമെന്ന ആവശ്യം ഉയരുന്നു. ഇതിനായി അധികാര കേന്ദ്രങ്ങളിൽ നിവേദനം നൽകി കാത്തിരിക്കുകയാണ് ചെന്പുച്ചിറ കുളം സംരക്ഷണ സമിതി പ്രവർത്തകർ.
ചെന്പുച്ചിറ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ, ചെന്പുചിറ മഹാദേവ ക്ഷേത്രം എന്നിവക്കു സമീപമാണ് മറ്റത്തൂരിലെ പൊതുകുളങ്ങളിൽ ഏറ്റവും വിസ്തൃതിയുള്ള ചെന്പുച്ചിറ കുളമുളളത്. ഒന്നരയേക്കറോളം വിസ്തൃതിയിലുള്ള ഈ കുളത്തിന്റെ കരയിലാണ് പ്രദേശവാസികൾ ഒഴിവുനേരം ചെലവിടാനായി ഒത്തുകൂടുന്നത്. കുളക്കരയിൽ മനോഹരമായ ഉദ്യാനവും കൂടുതൽ ഇരിപ്പിടങ്ങളും ഏർപ്പെടുത്തണമെന്നാണ് കുളം സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.
കുളക്കര കൂട്ടായ്മയായ ചെന്പുചിറ കുളം സംരക്ഷണ സമിതി മുൻ കൈയെടുത്ത് പൊതുജന പങ്കാളിത്തത്തോടെ ചെറിയൊരു വിശ്രമ കേന്ദ്രവും ഇവിടെ പണി കഴിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന സിനിമ തിയേറ്റർ പ്രദർശനം അവസാനിപ്പിച്ച് പൊളിച്ചുനീക്കിയപ്പോൾ ബാക്കിയായ കുഷനിട്ട കസേരകളാണ് വിശ്രമകേന്ദ്രത്തിൽ ഇരിപ്പിടങ്ങളായി സജ്ജീകരിച്ചിട്ടുള്ളത്.
കുളത്തിൽ നിന്ന് വീശിയടിക്കുന്ന കുളിർകാറ്റേറ്റ് വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരിക്കുന്നത് വേറിട്ട് അനുഭവമാണ്. കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാലായിരത്തോളം മത്സ്യങ്ങളെ കുളത്തിൽ വളർത്തുന്നുണ്ട്. കുളക്കരയിലൂടെ സുരക്ഷിതമായി നടക്കുന്നതിന് കൈവരികൾ സ്ഥാപിക്കുകയും നടപ്പാതകൾ നിർമ്മിച്ച് സന്ദര്യവൽക്കരണം നടത്തുകയും വേണമെന്ന ആവശ്യമാണ് സമിതി മുന്നോട്ടുവെക്കുന്നത്.