കൊല്ലം: ആര്യങ്കാവില്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പാൽ ടാങ്കർ പൊട്ടി. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് പൊട്ടിയത്.
പാൽ കേടായതു മൂലം കമ്പാര്‍ട്ട്മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് കാരണം എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആറ് ദിവസമായി 15,300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ടാങ്കറിലെ പാൽ കേടാവുകയും പൊട്ടിയൊഴുകയും ചെയ്യുകയാണ്. ലോറിയില്‍നിന്നു പഴകിയ പാല് ഇപ്പോള്‍ പുറത്തേക്ക് ഒഴുകിതുടങ്ങിയത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പാല് പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇന്ന് ക്ഷീരവികസന വകുപ്പിലെയും ഭക്ഷ്യസുരക്ഷ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തെന്മലയില് എത്തി ലോറി പരിശോധിക്കും.
എന്നാല്‍ നിയമനടപടി കൂടി ആരംഭിച്ചതോടെ ലോറി എന്ന് ഇവിടെ നിന്നും മാറ്റും എന്ന കാര്യത്തില്‍ യാതൊരുവിധ വ്യക്തതയും ഇല്ല എന്നതാണ് മറ്റൊരു വസ്തുത.
ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല് ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.
അതേസമയം ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായം ചേർത്തെന്ന് ക്ഷീരവകുപ്പ് പരിശോധനയിൽ കണ്ടെത്തിയെങ്കിലും ഇല്ലെന്ന നിലപാടിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.
ഇതിനെ ചൊല്ലി ഇരുവകുപ്പുകളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഹൈഡ്രജൻ പെറോക്സൈസ് പാലിൽ ക്ഷീരവകുപ്പ് കണ്ടെത്തിയെങ്കിലും ഈ രാസവസ്തു അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധനയിൽ പറയുന്നു.
പാൽ പിടികൂടി അഞ്ചുദിവസത്തിനുശേഷമാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ഫലം പുറത്തുവന്നത്.ക്ഷീരവകുപ്പിന്റെ പരിശോധനഫലം കൃത്യമാണെന്നും ആറുമണിക്കൂറിനുശേഷം പരിശോധന നടത്തിയാൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കാണാനാകില്ലെന്നും മന്ത്രി ജെ. ചിഞ്ചുറാണി പാൽ പിടികൂടിയ ദിവസം തന്നെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രനിയമമനുസരിച്ചാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയെന്നും മന്ത്രി പറഞ്ഞിരുന്നു.
പന്തളത്തെ സ്വകാര്യ ഡയറിയിലേക്ക് കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് പിടികൂടിയത്. ടാങ്കർ ലോറി തെന്മല പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആര്യങ്കാവിൽ പാൽ പിടിച്ചെടുത്ത സംഭവത്തിൽ പന്തളത്തെ ഡയറി ഉടമ കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ടാങ്കർ ലോറി വിട്ടുകിട്ടണമെന്നുംനഷ്ടപരിഹാരം അനുവദിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ഥആപന ഉടമ ഹൈക്കോടതിയെ സമീപിച്ചത്.
പാലിൽ മായം കലർന്നതായി ആരോപിച്ചാണ് ലോറി കസ്റ്റഡിയിലെടുത്തത്.മായമില്ലെന്ന റിപ്പോർട്ട് വന്നിട്ടും ലോറി വിട്ടുകൊടുക്കാൻ പോലീസ് തയാറായില്ല.