വൈക്കം: ചെമ്മനാകരിയിൽ ദന്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പോലീസ്.
വൈക്കം മറവൻതുരുത്ത് ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിക്കു സമീപത്തെ ചെമ്മനാകരി ആലുംതറയിൽ തങ്കച്ചൻ (57) ഭാര്യ ഓമന (54) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തങ്കച്ചനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും ഓമനയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പക്ഷാഘാതം വന്നതിനെ തുടർന്ന് ഓമന കുറച്ചു കാലമായി ചികിൽസയിലായിരുന്നു. കുറച്ചു ദിവസമായി ഓമന മനോനില തെറ്റിയ നിലയിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.
പരസ്പര വിരുദ്ധമായി ഭാര്യ സംസാരിച്ചു തുടങ്ങിയതോടെ ഭയന്ന തങ്കച്ചൻ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഓമന ഒറ്റപ്പെട്ടുപോകുമെന്ന തോന്നലാകാം തങ്കച്ചനെ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഓമനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൈ ഞരന്പു മുറിച്ചു തങ്കച്ചൻ വെള്ളത്തിൽ ഏറെ നേരം മുക്കിപ്പിടിച്ചിട്ടും അവശനിലയിലാകാതിരുന്നതിനെ തുടർന്നാണ് തങ്കച്ചൻ തൂങ്ങി മരിച്ചതെന്നും പോലീസ് പറഞ്ഞു.