വൈപ്പിൻ: വൈപ്പിനിൽ വേനൽകാല ചെമ്മീൻകെട്ടുകളുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കർഷകർക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കഥകൾ മാത്രം.
ആറുമാസം ചെമ്മീൻ കൃഷിയും ബാക്കി ആറുമാസം പൊക്കാളി നെൽകൃഷിയും ചെയ്യുന്ന പാടങ്ങളിൽ നവംബർ ഒന്ന് മുതൽ ഏപ്രിൽ 14 വരെയാണ് ചെമ്മീൻ കൃഷി ചെയ്യുന്നത്.
മുൻ വർഷങ്ങളിലേത് പോലെ ചെമ്മീൻ ലഭ്യതയുടെ കാര്യത്തിൽ വൻ കുറവ് ഈ വർഷവും ആവർത്തിച്ചതാണ് ചെമ്മീൻ കെട്ടുകൾ നഷ്ടത്തിലായത്. കുഞ്ഞുങ്ങളെ ഇട്ട് വളർത്തിയെടുക്കുന്ന കാര, നാരൻ ചെമ്മീൻ പാടങ്ങളിൽ ഉദ്ദേശിച്ചത്ര വിളവ് ലഭിക്കാതെ വന്നതോടെയാണ് ചെമ്മീൻ ലഭ്യത കുറഞ്ഞത്.
മാത്രമല്ല സീസണിന്റെ അവസാന നാളുകളിൽ കോവിഡ് ഭീഷണി ഉയർന്നതോടെ കയറ്റുമതി സ്തംഭിച്ചതും കർഷകർക്ക് വൻ തിരിച്ചടിയായി. ഇതുമൂലം ചെമ്മീനിന്റെ വിലയിൽ ഇടിവ് വന്നു. ചെമ്മീൻ കൃഷിക്കൊപ്പം ഞണ്ടും മത്സ്യങ്ങളും മറ്റും വളർത്തിയാണ് കർഷകർ പലപ്പോഴും ചെമ്മീൻ കൃഷിയുടെ നഷ്ടം നികത്തുന്നത്.
ഇക്കുറി കോവിഡ് ഞണ്ടുകളുടെ കയറ്റുമതിയേയും പ്രതികൂലമായി ബാധിച്ചതോടെ കർഷകർ തലയിൽ കൈവെച്ചിരിക്കുകയാണ്. തിലോപ്പിയ, പൂമീൻ തുടങ്ങിയ മത്സ്യങ്ങളും കാര്യമായി വളർന്ന് കിട്ടിയില്ല. ഇതുമൂലം ചിലർക്ക് ഭീമമായി നഷ്ടം സംഭവിച്ചിട്ടുണ്ട്.
ചില ചെമ്മീൻ കെട്ടുകളിൽ ആദ്യം സാമാന്യം ഭേതപ്പെട്ട നിലയിൽ തെള്ളിചെമ്മീനിന്റെ സാന്നിധ്യമുണ്ടായതിനാലും അവക്ക് നല്ല വില ലഭിച്ചതിനാലും ചില കർഷകർ കടബാധ്യത ഇല്ലാതെ രക്ഷപ്പെട്ടു. പതിവ് വർഷങ്ങളിലേത് പോലെ ഇക്കുറി ചെമ്മീനുകൾക്ക് വൈറസ് ബാധ കാര്യമായി ഏശിയില്ല.
ഇതിനാൽ ചെമ്മീനുകൾ കൂട്ടത്തോടെ ചത്തടിഞ്ഞ സംഭവങ്ങൾ ഈ വർഷം കാര്യമായി റിപ്പോർട്ട് ചെയ്തിരുന്നുമില്ല. ഇതുമൂലം പലകർഷകരും ആശ്വാസത്തിലും പ്രതീക്ഷയിലുമായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ മുഴുവൻ തകിടം മറിഞ്ഞ അവസ്ഥയാണിപ്പോൾ.