അമ്പലപ്പുഴ: കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയകഥ അഭ്രപാളികളിൽ പകർത്തിയിട്ടു അമ്പതാണ്ടു പിന്നിടുന്നു. ഇതിന്റെ അണിയറ പ്രവർത്തകരെ ആദരിക്കാൻ അമ്പലപ്പുഴയുടെ മണ്ണ് ഒരുങ്ങുന്നു. തകഴിയുടെ വിശ്വ പ്രസിദ്ധമായ ചെമ്മീൻ എന്ന പ്രണയകഥ രാമു കാര്യാട്ട് സിനിമയാക്കിയിട്ട് അഞ്ചു പതിറ്റാണ്ടു പിന്നിടുകയാണ്.
1965ൽ ദക്ഷിണേന്ത്യയിൽ ആദ്യമായി സ്വർണമെഡൽ ചെമ്മീൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ മണ്ണിലെത്തിയത്. കഥയെഴുതിയ തകഴിയും കഥ ലോകത്തെ അറിയിച്ച രാമു കാര്യാട്ടും തിരക്കഥയെഴുതിയ എസ്എൽപുരം സദാനന്ദനും ഇതിൽ ഗാനമാലപിച്ച മന്നാഡെയുമൊക്കെ മൺമറഞ്ഞങ്കിലും മലയാളത്തിന് ഇന്നും ഏറെ പ്രിയപ്പെട്ട ചലച്ചിത്രമാണ് ചെമ്മീൻ.
ഇതിലെ അഭിനേതാക്കളിൽ ജീവിച്ചിരിക്കുന്ന രണ്ടുപേർ മധുവും ഷീലയുമാണ്. ഇവരുൾപ്പടെയുള്ള അണിയറ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങാണ് സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്നത്. ചെമ്മീൻ കഥയിലെ പ്രധാന ദൃശ്യഭംഗിയൊരുക്കിയ പുറക്കാട്, നീർക്കുന്നം, പുന്നപ്ര പ്രദേശങ്ങളാണ് ആഘോഷങ്ങൾക്കായി ആലോചനയിലുള്ളത്.
ഏപ്രിൽ എട്ടിനു പരിപാടി നടത്താനാണ് ആലോചന. ഇതിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. സിനിമയുടെ അമ്പതാംവാർഷികം ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിക്കാൻ ഇന്നലെ നീർക്കുന്നം ഗവ. എസ്ഡിവി യുപി സ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം തീരുമാനിച്ചു. ചെമ്മീൻ സിനിമയുടെ സ്വീകാര്യതയാണ് ഇതിലൂടെ ചർച്ചയാകുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
ഇത് ചരിത്ര സംഭവമാക്കി മാറ്റാൻ കഴിയണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ജി. സുധാകരൻ പറഞ്ഞു. പരിപാടിയിൽ അണിചേരാൻ കഴിയുന്നത് ഭാഗ്യമാണെന്ന് പരിപാടിയിൽ പങ്കെടുത്ത ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ വീണ എൻ. മാധവൻ, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കൽ എന്നിവർ പ്രസംഗിച്ചു.