ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം തുടരുന്നു. ആഴ്സണലിനെതിരായ ഹോം മത്സരത്തിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം അഞ്ച് എണ്ണം തിരിച്ചടിച്ച് ചെന്പട 5-1ന്റെ ജയമാഘോഷിച്ചു. റോബർട്ടോ ഫിർമിനോയുടെ ഹാട്രിക്കാണ് ലിവർപൂളിന്റെ ജയത്തിൽ നിർണായകമായത്. 14, 16, 65 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ഫിർമിനോയുടെ ഗോളുകൾ.
സാദിയോ മാനെ (32-ാം മിനിറ്റ്), മുഹമ്മദ് സല (45+2 – പെനൽറ്റി) എന്നിവരും ചെന്പടയ്ക്കായി ലക്ഷ്യംകണ്ടു. 11-ാം മിനിറ്റിൽ നിലെസ് ആയിരുന്നു ഗണ്ണേഴ്സിനായി ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ടോട്ടനം 1-3ന് സ്വന്തം തട്ടകത്തിൽവച്ച് വോൾവർഹാംടണിനോട് അപ്രതീക്ഷിത പരാജയമേറ്റുവാങ്ങി. 22-ാം മിനിറ്റിൽ ഹാരി കെയ്നിന്റെ ഗോളിൽ മുന്നിലെത്തിയശേഷമായിരുന്നു ടോട്ടനത്തിന്റെ തോൽവി.
ഇന്നലെ നടന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-1ന് സതാംപ്ടണെ കീഴടക്കി. ഡേവിഡ് സിൽവ (10-ാം മിനിറ്റ്), സെർജ്യോ അഗ്വെറോ (45+3-ാം മിനിറ്റ്) എന്നിവരും ജയിംസ് വാർഡിന്റെ (45-ാം മിനിറ്റ്) സെൽഫ് ഗോളുമാണ് സിറ്റിക്ക് ജയമൊരുക്കിയത്. ലീഗിൽ തുടർച്ചയായ രണ്ട് പരാജയത്തിനുശേഷമാണ് സിറ്റി വിജയവഴിയിൽ തിരിച്ചെത്തിയത്. 20 മത്സരങ്ങളിൽനിന്ന് 47 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് എത്തി.
എവേ പോരാട്ടത്തിൽ 1-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി ചെൽസി വിലപ്പെട്ട മൂന്ന് പോയിന്റ് നേടി. 51-ാം മിനിറ്റിൽ എൻഗോളൊ കാന്റെയാണ് ചെൽസിക്കായി ഗോൾ നേടിയത്. 20 മത്സരങ്ങളിൽനിന്ന് 43 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്താണ്. 45 പോയിന്റുള്ള ടോട്ടനമാണ് മൂന്നാമത്.