പേരാമ്പ്ര: ചെമ്പനോട കാവിൽ പുരയിടം ജോയിയുടെ പോരാട്ടം ഒടുവിൽ വിജയിച്ചു. ഭാര്യ മോളിയുടെ പേരിൽ നൽകിയ 80 സെന്റ് ഭൂമിയുടെ കരം ഇന്നലെ ചെമ്പനോട വില്ലേജ് അധികൃതർ സ്വീകരിച്ചു രസീത് നൽകി. രാവിലെ ഓഫീസിൽ എത്തി ജോയിയുടെ സഹോദരന്മാരായ ജോസും ജയിംസും ചേർന്നാണ് നികുതി അടച്ചത്.
22ന് രാവിലെ ജില്ലാ കളക്ടർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരത്തോടെ കൊയിലാണ്ടി തഹസീൽദാർ നികുതി സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നു. 2016 ജൂണ്‍ 14ന് കുടുംബം നടത്തിയ സമരത്തെ തുടർന്നു അന്നുതന്നെ താൽകാലികമായി നികുതി സ്വീകരിച്ചിരുന്നു. രസീതിലെ താത്കാലികം എന്നത് സ്ഥിരം എന്നാക്കി മാറ്റാനാണ് ജോയി പിന്നീട് ശ്രമിച്ചത്.
ഇതാണ് റവന്യു ഉദ്യോഗസ്ഥർ നൽകാതിരുന്നത്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യാ ഭീഷണി മുഴക്കി ജോയി വില്ലേജ് ഓഫീസർക്കു കത്തു നൽകിയത്. ജോയിയുടെ സ്ഥലം സംബന്ധിച്ചു ചെമ്പനോട വില്ലേജ് ഓഫീസ് രേഖകളിൽ പല തിരുത്തലുകളും നടന്നതായി സൂചനയുണ്ട്.
രാവിലെ ഓഫീസിലെത്തിയ സഹോദരൻമാർക്കൊപ്പം വന്ന നാട്ടുകാർ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.
ജോയിയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു
പേരാമ്പ്ര: വില്ലേജ് ഓഫീസിൽ ജീവനൊടുക്കും മുമ്പ് കാവിൽപുരയിടം ജോയി എഴുതിവച്ച കുറിപ്പു പോലീസിനു ലഭിച്ചു. വീട്ടുകാർ ഇത് അന്വേഷണോദ്യോഗസ്ഥനായ പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർക്കു കൈമാറി. സസ്പെൻഷനിലായ വില്ലേജ് ഉദ്യോഗസ്ഥൻ സിലീഷിനെക്കുറിച്ചും ജോയിയുടെ ഒരു സഹോദരനെക്കുറിച്ചും കത്തിൽ പരാമർശമുണ്ടെന്നാണു സൂചന.