മരട്: മരടിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കുന്ന ഫ്ളാറ്റിൽനിന്ന് ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ചെന്പ് പട്ടകൾ മോഷണം പോയ സംഭവത്തിൽ പനങ്ങാട് എസ്ഐ വിപിൻ കുമാറിനെ സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ സസ്പെൻഡ് ചെയ്തു.
സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിൽ പൊളിക്കുന്ന മരടിലെ ജെയ്ൻ ഫ്ളാറ്റിൽനിന്നു 100 കിലോയോളം ചെന്പു പട്ടകളാണ് കാണാതായത്. പിന്നീട് മോഷണമുതൽ പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാക്കളെ പിടികൂടിയ പനങ്ങാട് പോലീസ്, അവരെ കേസെടുക്കാതെ വിട്ടയക്കുകയും രേഖയിൽപ്പെടുത്താതെ മോഷണമുതൽ മുക്കി ഒളിച്ചുവയ്ക്കുകയായിരുന്നു.
കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. സംഭവം മാധ്യമ വാർത്തയായതിനെത്തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ എസ്ഐ വിപിൻ കുമാറിനെ സസ്പെൻഡ് ചെയ്തത്.
മരട് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഇലക്ട്രീഷ്യനെയും സഹായിയെയും ചെന്പ് പട്ടകൾ മോഷ്ടിച്ചതിനു ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാർ പിടികൂടുകയും ഇവരെ പനങ്ങാട് പോലീസിനു കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് കേസ് രഹസ്യമായി ഒത്തുതീർപ്പാക്കുകയും തൊണ്ടിമുതൽ സ്റ്റേഷനിൽ ഒളിപ്പിക്കുകയുമായിരുന്നു.