ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കിലും എല്ലാത്തരം കൃഷികളും അദ്ദേഹത്തിനുണ്ട്. അതിൽ ചേനകൃഷിയോട് പ്രത്യേക താത്പര്യം തന്നെയുണ്ട്. കാര്യമായ പരിചരണം ആവശ്യമില്ലാത്ത ചേന, നല്ല ആദായം നൽകുമെന്നതാണു കാരണം.
ആറ് ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്തിരുന്നു. തോട്ടത്തിൽ പന്നി, കോഴി ഫാമുകളുമുണ്ട്. ഒരു സമയത്ത് അയ്യായിരം വരെ കോഴികളെ വളർത്തിയിരുന്നു. ഒരു കോഴിക്കടയുമുണ്ട്. ഇവിടത്തെ അവശിഷ്ടങ്ങൾ നൽകിയാണു പന്നികളെ വളർത്തുന്നത്.
തൊടുപുഴയിലെ കാർഷിക വിപണന കേന്ദ്രമായ കാർഡ്സുമായി ബന്ധപ്പെട്ടതോടെയാണു പച്ചക്കറി കൃഷിയിൽ കൂടുതൽ സജീവമായത്. റബർ റീ പ്ലാന്റ് ചെയ്ത വേളയിൽ ഒന്നരയേക്കർ മറ്റു കൃഷികൾക്കായി മാറ്റിയിട്ടു.
അതിനു നടുവിലൂടെ ഒരു പെട്ടി ഓട്ടോയ്ക്കു സഞ്ചരിക്കാൻ കഴിയുന്ന വിധം വഴിയൊരുക്കി. ഇരുവശത്തും തെങ്ങുകളും റംബൂട്ടാനും നട്ടു. ഇവയ്ക്ക് ഇടയിലാണ് ചേനക്കൃഷിയും പച്ചക്കറികളും നടുന്നത്. ഏഴു മാസമാകുന്പോൾ വിളവെടുക്കാവുന്ന വിളയാണു ചേന.
കാര്യമായ പരിചരണവും വളവും ആവശ്യമില്ലെന്നു മാത്രമല്ല, വില്പന ഒരിക്കലും പ്രശ്നമാകാറുമില്ല. ഏഴ് വർഷം മുന്പാണ് ജോണ്സണ് ചേനക്കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. നിത്യജീവിതത്തിലും സദ്യവട്ടങ്ങളിലും മുഖ്യസ്ഥാനമുള്ള ചേനയ്ക്ക് എക്കാലത്തും നല്ല ഡിമാൻഡാണ്.
പുഴുക്ക്, എരിശേരി, കാളൻ, തോരൻ, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി തുടങ്ങി നിരവധി സ്വാധിഷ്ഠമായ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാൻ ചേന പ്രധാന ചേരുവയാണ്. പുഴുങ്ങിയും തീക്കനലിൽ ചുട്ടെടുത്തും ചേന കഴിക്കുന്നവരുണ്ട്.
കൃഷി രീതി
ഏഴ് വർഷങ്ങൾക്കു മുന്പു വീട്ടാവശ്യത്തിനായിട്ടാണു ചേനകൃഷി തുടങ്ങിയത്. കൂടുതൽ ഉണ്ടായാൽ വിൽക്കും. ആദ്യഘട്ടങ്ങളിൽ കാര്യമായ വില കിട്ടിയിരുന്നില്ല. ചെറിയ ചേനകൾക്കാണ് ആവശ്യക്കാർ കൂടുതലുണ്ടായിരുന്നത്.
കാഡ്സുമായി ബന്ധപ്പെട്ടതോടെ എത്ര ചേന വേണമെങ്കിലും എടുത്തോളാം എന്ന ഉറപ്പ് കിട്ടി. വിത്തു ചേനകൾക്ക് ഇരട്ടി വില നൽകാമെന്നും പറഞ്ഞു. അങ്ങനെയാണ് ചേനകൃഷി വികസിപ്പിക്കാൻ തീരുമാനിച്ചത്. അഞ്ച് വർഷത്തിലേറെയായി ചേന വിത്തുകളുടെ ഉത്പാദനത്തിലാണ് ജോണ്സണ്.
വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളാണു ചേനകൃഷിക്ക് അനുയോജ്യം. സാധാരണയായി ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ചേന നടുന്നത്. നടേണ്ട സ്ഥലം നന്നായി ഉഴുത് മറിക്കും. മണ്ണ് നല്ല പൊടി പരുവത്തിലായിക്കഴിയുന്പോഴാണു നിരയായി ചേന വിത്തുകൾ നടുന്നത്.
കുഴികൾ തമ്മിൽ മുക്കാൽ മീറ്റർ അകലമുണ്ടാകും. അകലം കുറഞ്ഞാൽ ചേനകൾ ചെറുതാകും. മുള വന്ന വിത്തുകൾ ചെറുകുഴികൾ എടുത്താണ് നടുന്നത്. മുളകൾ പുറത്തു കാണുന്ന വിധം കുഴി മൂടും.
തുടർന്ന് ആറിഞ്ച് അകലത്തിൽ അടിവളമായി കക്കപ്പൊടി, ചാണകം, കോഴിവളം എന്നിവ യോജിപ്പിച്ചെടുത്ത മിശ്രിതം നൽകും. പിന്നീട് പച്ചിലകളോ കരിയിലകളോ കൊണ്ട് മൂടും. മണ്ണിലെ ഈർപ്പം നിലനിർത്താൻ ആവശ്യമായ നനയും നൽകും.
വളപ്രയോഗം
ചെടികൾ വളർന്ന് ഇല വിരിഞ്ഞു തുടങ്ങുന്നതിനു മുന്പായി വളമിടും. പ്രധാനമായും ജൈവവളങ്ങളാണു നൽകുന്നത്. സ്വന്തം കൃഷിയിടത്തിൽ പരിപാലിക്കുന്ന പശുക്കളുടെ ചാണകവും കോഴി ഫാമിലെ കോഴിവളവും കക്കപ്പൊടിയുമാണ് നൽകുന്നത്.
തുടർന്നു മണ്ണിട്ടു ചുവട് മൂടും. പൊതുവെ രോഗകീടബാധകൾ വളരെ കുറവാണ്. ചെടികളുടെ ചുവട്ടിൽ ഈർപ്പം നഷ്ടപ്പെടാതെ നോക്കണം. നല്ല വേനലിൽ ആഴ്ചയിൽ മൂന്നുതവണ നനയ്ക്കണം. വിളവെടുപ്പിന് മുന്പായി മൂന്ന് തവണ വളങ്ങൾ നൽകും. വളർച്ച കുറവുള്ളതിന് പ്രത്യേക ശ്രദ്ധ നൽകി കൂടുതൽ വളം നൽകും.
സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്ന വിധത്തിലാണ് ചേന നടേണ്ടത്. അതനുസരിച്ച് മറ്റ് വിളകൾ ക്രമീകരിച്ചിരിക്കണം. തനിവിളയായും ഇടവിളയായും കൃഷിയുണ്ട്. തെങ്ങ്, റബർ മരങ്ങൾക്ക് ഇടയിലും ചേനകൾ നട്ടിട്ടുണ്ട്.
വിത്തു ചേന
പച്ചക്കറി വ്യാപാരികൾ ചേന കിലോയ്ക്ക് 25 മുതൽ 40 രൂപ വരെയാണു വില നൽകുന്നത്. വലിയ ചേനകൾ അവർക്ക് ആവശ്യവുമില്ല. എന്നാൽ, തൊടുപുഴയിലെ കർഷക മാർക്കറ്റായ കാഡ്സിൽ നല്ല വില കിട്ടും.
ചേന വിത്താക്കി നൽകിയാൽ കുറഞ്ഞത് 80 രൂപ ലഭിക്കും. കഴിഞ്ഞ വർഷം 135 രൂപ വരെ ലഭിച്ചു. വിത്ത് ചേനയ്ക്ക് ആവശ്യക്കാർ കൂടിവരുന്നതിനാൽ ഈ വർഷം നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോണ്സണ്.
മികച്ച ചേനവിത്തുകൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക സഹായവും കാഡ്സ് നൽകുന്നുണ്ട്. വിത്തു ചേനയുടെ ഉത്പാദനത്തിൽ ശ്രദ്ധ കൂടുതൽ വേണം. ചേനയുടെ വളർച്ച പൂർത്തിയായി തണ്ട് ചേനയിൽ നിന്നു തനിയെ വേർപ്പെട്ടശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പറിച്ചെടുക്കേണ്ടത്.
മണ്ണ് ഉണങ്ങി ഈർപ്പരഹിതമായി ചേനക്കിഴങ്ങിന്റെ ജലാംശം പകുതിയിലതികം വറ്റിയിരിക്കണം. തണ്ട് കൊഴിഞ്ഞശേഷം ചുവട്ടിൽ ഈർപ്പം എത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അഞ്ച് കിലോ വരെയുള്ള ചേനകൾ വിത്താക്കാവുന്നതാണ്.
ഇങ്ങനെ പറിച്ചെടുക്കുന്ന ചേനകളുടെ അടർന്നു പോകാത്ത വേരുകൾ ചെത്തി മാറ്റണം. മുകുളം കത്തി ഉപയോഗിച്ച് തുരന്നു കളയണം. പന്നീട് ഒന്നര മാസം തണലിൽ കമിഴ്ത്തി വയ്ക്കണം. ചേനയുടെ നടുവിലായി നിരവധി മുകുളങ്ങൾ വന്നുതുടങ്ങുന്പോൾ മുളകൾ നിലനിർത്തി ഓരോ ചേനയും മൂന്നു മുതൽ അഞ്ച് കഷണങ്ങളായി മുറിക്കണം.
വലിപ്പം അനുസരിച്ച് കഷണങ്ങളുടെ എണ്ണം കൂട്ടാം. മുളയില്ലാത്ത കഷണങ്ങളിൽ നല്ലൊരു ശതമാനവും പിന്നീട് മുളയ്ക്കും. മുറിച്ചകഷണങ്ങൾ ചാണകലായിനിയിൽ മുക്കിയ ശേഷം തണലിൽ ഒരാഴ്ച സൂക്ഷിച്ച ശേഷമാണ് വിൽക്കുന്നത്.
പ്രധാനമായും കാഡ്സ് വഴിയാണ് വിത്തുകൾ വിൽക്കുന്നത്. കൃഷിയിടത്തിൽ എത്തി വാങ്ങന്നവരുമുണ്ട്. ഗുണമേ· കുറഞ്ഞ ചേനകൾ പച്ചക്കറി ആവശ്യത്തിനായി മാറ്റിയ ശേഷം നല്ലതു തെരഞ്ഞെടുത്താണ് വിത്താക്കുന്നത്.
ഏഴ് കിലോയ്ക്ക് മുകളിൽ തൂക്കമുള്ള ചേനകൾ വിത്തിനായി തെരഞ്ഞെടുക്കരുതെന്ന അഭിപ്രായക്കാരാണ് ജോണ്സണ്. എല്ലാപണികളും സ്വയം ചെയ്യുന്ന ജോണ്സണിന് തുണയായി ഭാര്യ ജെസിയും ഒപ്പമുണ്ട്.
ഫോണ്: 9495737154