മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ഉത്സവാഘോഷങ്ങൾക്കുമേൽ കോവിഡിന്റെ ദ്രുതതാളം, ചെണ്ടക്കാരനൊപ്പം ചെണ്ട നിർമാണക്കാരന്റെ ജീവിതവും താളപ്പിഴയിലേക്ക്.
മുൻവർഷങ്ങളിൽ ഉത്സവങ്ങളും പൂരങ്ങളും മുടങ്ങിയതിന്റെ സങ്കീർണത ചെണ്ടക്കാരനെക്കാളും പ്രതിസന്ധിയിലാക്കിയതു ചെണ്ട നിർമാതാക്കളെയായിരുന്നു. ഇത്തവണയും അവസ്ഥയ്ക്കു മാറ്റമില്ലെന്ന തിരിച്ചറിവ് ഇവർക്കു കിട്ടിക്കഴിഞ്ഞു.
നല്ല തോൽ കിട്ടാനില്ലാത്തതും ചെണ്ടവാങ്ങാൻ ആളില്ലാതായതും ചെണ്ടനിർമാണ മേഖലയിൽ താളപ്പിഴകളുണ്ടാക്കിയിരിക്കുകയാണ്.
ഗുണനിലവാരമുള്ള തോലിന്റെ ലഭ്യതക്കുറവ് ചെണ്ട, തകിൽ, തിമില എന്നിവയുടെ നിർമാണങ്ങളേയും പ്രതിസന്ധിയിലാക്കി. കന്നുകാലികളുടെ വരവുണ്ടങ്കിലും ചെണ്ടയടക്കമുള്ളവയ്ക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ഇതിനു കാരണം.
ഏറ്റവും കൂടുതൽ ചെണ്ട ഉണ്ടാക്കുന്ന ലക്കിടി മംഗലം മൂന്നുണ്ണിപ്പറന്പിൽ വേലായുധന്റെ ആലയിൽ നിർമാണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്.
മുന്പ് മികച്ച തോൽ തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ലതു കിട്ടാനില്ല. നല്ല തോൽ കിട്ടിയാൽതന്നെ ചെണ്ടയ്ക്ക് ആവശ്യക്കാരുമില്ല.
നേരത്തെ കോവിഡ് ഭീഷണിയിൽ കന്നുകാലികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ മികച്ച തോൽ കിട്ടാതായതോടെ ഏറ്റെടുത്ത ഓർഡറുകൾ പോലും പൂർത്തിയാക്കി നല്കാൻ ചെണ്ട നിർ മാണമേഖലയിൽ പ്രവർത്തിച്ചിരുന്നവർക്കു കഴിഞ്ഞിരുന്നില്ല.
പശു, കാള എന്നിവയുടെ തോലാണ് ചെണ്ടയ്ക്ക് ഏറ്റവുമനുയോജ്യം. പശുത്തോൽ ഇപ്പോൾ തീരെ കിട്ടാറില്ലെന്നു മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
നാട്ടിലെ പശുക്കളുടെയും കാളകളുടെയും തോലിൽ കൊഴുപ്പു കൂടുതലാണ്. ഇതുകാരണം ഇവ ഉപയോഗിക്കാറില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന ‘എല്ലും തോലും’ ആയ കാലികളുടെ തോലിലാണ് മികച്ച ചെണ്ടകൾ പിറക്കുന്നത്.
900 മുതൽ 1800 വരെ രൂപയാണ് തോലിന്റെ വില.പ്രതിസന്ധിക്കുമുന്പ് ഒരു മാസം 20 തോൽ വരെ എടുത്തിരുന്ന ചെണ്ട നിർമാണക്കാരുണ്ട്.
ഒരു തോലിൽ ആറുവട്ടം (മൂന്നു ചെണ്ട) നിർമിക്കാമെന്നാണ് കണക്ക്. ഉത്സവകാലം പിറക്കുന്പോൾ മുന്പ് മാസം 60 ചെണ്ടവരെ നിർമിച്ചിരുന്നവരുണ്ട്. ഇപ്പോൾ പരമാവധി എട്ടു ചെണ്ട മാത്രമാണുണ്ടാക്കുന്നത്. ഇതിനും ആവശ്യക്കാരില്ല.
ത്തുകളുടെ തോലാണ് തകിലിന്റെ ഇന്പംകൂട്ടുന്നത്. ഇതു കോയന്പത്തൂർ, പൊള്ളാച്ചി, തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽനിന്നാണ് ചെണ്ട നിർമാതാക്കൾ വാങ്ങുന്നത്.
പണ്ടു ചെണ്ട കെട്ടിയിരുന്നത് വക്കമരത്തിന്റെ തൊലി കൊണ്ടായിരുന്നു. ഇപ്പോൾ അതിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ ചെണ്ടയ്ക്കു പൂർണത വേണമെങ്കിൽ മൃഗത്തോൽ തന്നെ വേണമെന്നതാണ് യാഥാർത്ഥ്യം.
ഇടക്കാലത്ത് ചെണ്ട നിർമാണം തകൃതിയായി നടന്നിരുന്നു. എന്നാൽ തോൽക്ഷാമം മൂലം നിർമാണമേഖല പ്രതിസന്ധിയിലായി.
കോവിഡ് നിരക്ക് വർധിക്കുകയും ഉത്സവാഘോഷങ്ങൾ ചടങ്ങുകളായി മാറുകയും ചെയ്യാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. വളരെ മുന്പുതന്നെ ഇത്തരമൊരു സാഹചര്യം മുൻകൂട്ടി കണ്ടതിനാൽ പുതിയ ചെണ്ടകൾക്കു ഭൂരിഭാഗം വാദ്യക്കാരും ഓർഡർ നല്കിയിരുന്നില്ല.
ലഭിച്ച ഓർഡറുകൾ പ്രകാരം നിർമാണം നടത്തിയ ചെണ്ടകളാകട്ടെ ഉടമകളെ കാത്തുകഴിയുന്ന സ്ഥിതിയുമാണ്.ഉത്സവാഘോഷങ്ങൾക്കു മേൽ കെട്ടകാലത്തിന്റെ കരിന്തിരി എരിയുന്പോൾ ചെണ്ടക്കാരനൊപ്പം, ചെണ്ട നിർമാണക്കാരനും ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയാതെ നക്ഷത്രമെണ്ണുകയാണ്.