കൊടകര: വിദൂരത്തിലിരുന്ന് നാടിനെ സ്നേഹിക്കുന്ന മറുനാടൻ മലയാളിക്ക് പ്രളയം ഇപ്പോഴും നോവുന്ന ഒരോർമ്മയാണ്. അതുകൊണ്ട് തന്നെ പ്രളയക്കെടുതികളിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി പ്രവാസിമലയാളികൾ ഓരോത്തരും ഇപ്പോഴും സഹായഹസ്തം നീട്ടുന്നത്.
മുംബൈയിലെ സാംസ്കാരിക പ്രവർത്തകനായ ജെ.പി.എന്ന പി.എ.ജയപ്രകാശ് പ്രളയകാലത്തെ ചിത്രങ്ങൾ ഉൾച്ചേർത്തുകൊണ്ടുള്ള ടേബിൾ കലണ്ടർ തയ്യാറാക്കിയാണ് കേരളത്തിന്റെ അതിജീവനപ്രവർത്തനങ്ങളിൽ കണ്ണിചേർന്നത്. മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ചെണ്ട മാസികയുടെ പത്രാധിപരായ ജയപ്രകാശ് മാസികയുടെ പേരിലാണ് ടേബിൾ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.
12 താളുകളിലായി പ്രളയത്തിന്റെ ഭീകരതയും അതിനെ നേരിട്ട സമൂഹത്തിന്റെ ഐക്യബോധവും സാമൂഹിക പ്രതിബദ്ധതയും വെളിപ്പെടുത്തുന്ന ചിത്രങ്ങളുണ്ട്. മലയാളികൾ അമരക്കാരായിട്ടുള്ള ചില സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെയാണ് ടേബിൾ കലണ്ടർ തയ്യാറാക്കി മുംബൈയിൽ വ്യാപകമായി വിതരണം ചെയ്യാനായതെന്ന് ഇപ്പോൾ നാട്ടിലുള്ള മറ്റത്തൂർ മൂന്നുമുറി സ്വദേശി പി.എ.ജയപ്രകാശ് പറഞ്ഞു.
കലണ്ടറിന്റെ ഓരോ പേജിന്റേയും അടിവശത്ത് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന നൽകാനുള്ള അക്കൗണ്ട് വിവരങ്ങളും ഇ-മെയിൽ വിലാസവും നൽകിയിട്ടുണ്ട്. മുംബൈയിലെ മലയാളിസമാജങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കായി ഇരുപതിനായിരത്തോളം ടേബിൾ കലണ്ടറുകളാണ് കേരളത്തിന് കൈത്താങ്ങുക എന്ന സന്ദേശത്തോടെ ജയപ്രകാശിന്റെ നേതൃത്വത്തിൽ എത്തിച്ചുകൊടുത്തത്.
മുംബൈ ആസ്ഥാനമായുള്ള തന്റെ പ്രസിദ്ധീകരണ ശാല മുഖേന ഇംഗ്ലിഷിലും മലയാളത്തിലുമായി 25 ഓളം പുസ്തകങ്ങളും പ്രസിദ്ധീകിരിച്ചിട്ടുണ്ട്.