മഞ്ചേരി : ചെണ്ട മേളത്തിനു പെണ്പടയൊരുങ്ങുന്നു. ഇന്നലെ തൃക്കലങ്ങോട് ചെകിടിക്കുന്ന് പഞ്ചായത്ത് ഹാളിൽ നടന്ന അരങ്ങേറ്റം ശ്രദ്ധേയമായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21 സ്ത്രീകളാണ് പഞ്ചായത്ത് സഹായത്തോടെ ചെണ്ടമേളം പരിശീലിച്ച് അരങ്ങേറ്റം കുറിച്ചത്. വനിതൾക്കു വഴങ്ങില്ലെന്നു പൊതുവെ വിശ്വസിച്ചിരുന്ന ചെണ്ടയിൽ മേളപ്പെരുക്കം തീർത്താണ് ഇവർ ശിങ്കാരമേളത്തിലൂടെ കാണികളെ ഹരം കൊള്ളിച്ചത്.
വലിയപറന്പ്, പൂവ്വത്തികുണ്ട്, പ്രാന്തൻവള്ളിക്കുണ്ട്, കൂമംകുളം എന്നീ കോളനികളിലെ അമ്മമാരും യുവതികളും അടങ്ങുന്ന 21 പേരാണ് സംഘത്തിലുള്ളത്. 30നും 54നും ഇടയ്ക്ക് പ്രായമുള്ള ഈ വീട്ടമ്മമാർ കൊട്ടിക്കയറിയത് ഏറനാടിന്റെ മനസിലേക്കായിരുന്നു. ഈ സിദ്ധിയാർജിച്ചതു നീണ്ടനാളത്തെ പരിശീലനത്തിനൊടുവിലാണ്.
സന്തോഷ് തിരുവാലിയാണ് പരിശീലകൻ. ചെണ്ട, ഇലത്താളം തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനും പരിശീലനം നൽകുന്നതിനുമായി നാലു ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവിട്ടത്. 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഇത്.
അരങ്ങേറ്റം പഞ്ചായത്ത് പ്രസിഡന്റ് എൻ.എം കോയ ഉദ്ഘാടനം ചെയ്തു. പാലക്കൽ സിദീഖ് അധ്യക്ഷനായിരുന്നു. കെ.പി മധു, എൻ.പി മുഹമ്മദ്, ജസീർ കുരിക്കൾ, എം. മൊയ്തീൻ, എം. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. കെ.പി സുധീഷ് സ്വാഗതവും എ. സിന്ധു നന്ദിയും പറഞ്ഞു.