കെ.കെ. അർജുനൻ
മുളങ്കുന്നത്തുകാവ്: പൂരക്കാലമായാൽ വെളപ്പായ വട്ടേക്കാട്ടുപറന്പിൽ നാരായണനും കൂട്ടർക്കും കൈയിൽ നിന്നും ചെണ്ട താഴെ വയ്ക്കാൻ നേരമുണ്ടാവില്ല.
കൊട്ടാൻ പോകുന്നവരല്ല ഇവർ. എന്നാൽ പല പ്രമുഖ കൊട്ടുകാർക്കും വേണ്ടി ചെണ്ട ഒരുക്കുന്നതു നാരായണനും കൂട്ടരുമാണ്.
തൃശൂർ പൂരമായാൽ നാരായണനു തിരക്കാണ്. പല ചെണ്ടക്കാരും നാരായണനെ തേടിയെത്തും. വർഷങ്ങളായി ചെണ്ട നിർമിച്ചു നൽകുന്നവരാണിവർ.
കഴിഞ്ഞ ആറു പതിറ്റാണ്ടായി ചെണ്ട നിർമാണത്തിൽ പേരു കേട്ടവരാണിവർ. നിരവ ധി മേള പ്രമാണിമാർക്ക് ചെണ്ട നിർമിച്ചുകൊടുത്ത അനുഭവസന്പത്ത് നാരായണന് സ്വന്തം.
വെളപ്പായ മാരാർ റോഡിലാണു നാരായണന്റെ ചെണ്ടപ്പുര. ഈ ഭാഗത്തു മാരാർമാർ ആരുമില്ലെങ്കിലും ചെണ്ടനിർമാണത്തിനു പേരുകേട്ട ഈ സ്ഥലം മാരാർ റോഡ് എന്നാണറിയപ്പെടുന്നത്.
പത്മശ്രീ പെരുവനം കുട്ടൻമാരാർ, നെട്ടിശേരി അനിയൻമാരാർ, പെരുവനം സതീശൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ, ചെറുശേരി കുട്ടൻമാരാർ, ചേറൂർ രാജേഷ് മാരാർ, പഴുവിൽ രഘുമാരാർ എന്നിവരെല്ലാം നാരായണന്റെ ചെണ്ടപ്പുരയിലെത്തിയിട്ടുണ്ട്.
നാരായണന്റെ അച്ഛൻ വേലായുധനായിരുന്നു മുൻപ് ചെണ്ടകളുണ്ടാക്കിക്കൊടുത്തിരുന്നത്. ഇപ്പോൾ, വേലായുധന്റെ മരണശേഷം നാരായണനും അനുജൻ രാഘവനും നാരായണന്റെ മകൻ സുനിൽകുമാറുമാണ് നടത്തുന്നത്.
നാരായണൻ പറയുന്നചെണ്ട വിശേഷങ്ങൾ…
ചെണ്ടയുടെയത്ര ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യങ്ങൾ അപൂർവമാണെന്നു നാരായണൻ പറയും. അസുരവാദ്യമെന്നാണു ചെണ്ടയറിയപ്പെടുന്നത്.
താളവാദ്യകലകളിൽ ചെണ്ടമേളങ്ങൾക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ശാസ്ത്രീയമായി സംസ്കരിച്ച മൃഗത്തോൽ ഉപയോഗിച്ചാണു ചെണ്ടയ്ക്കുള്ള ചെണ്ടവട്ടങ്ങൾ ഇവിടെ നിർമിക്കുന്നത്.
ചെന്പട, ത്രിപുട, പാണ്ടി, പഞ്ചാരി തുടങ്ങിയ മേളങ്ങൾക്കനുസരിച്ച് വലിപ്പവും കനവും വ്യത്യാസപ്പെടുത്തിയാണു ചെണ്ടകൾ നിർമിക്കുന്നത്. കേരളത്തിലെ വിവിധ പൂരം ഉത്സവങ്ങൾക്കു കൊട്ടുന്ന ചെണ്ടകൾ പലതും നാരായണന്റെ കരവിരുതിൽ നിർമിച്ചവയാണ്.
തെയ്യം, തിറ, പൂതൻകളി തുടങ്ങിയവയ്ക്കു വേണ്ടി പ്രത്യേക ചെണ്ടകളും നിർമിക്കാറുണ്ട്. കുല ചെണ്ട, വീക്കൻ ചെണ്ട, അച്ചൻ ചെണ്ട, പറ ചെണ്ട, പാന ചെണ്ട തുടങ്ങി പല തരം ചെണ്ടകളുണ്ട്.
ഗോവധം നിയമം മൂലം നിരോധിച്ചതു മൂലം ചെണ്ട നിർമിക്കാൻ ആവശ്യമായ നല്ല തുകൽ കിട്ടാത്ത അവസ്ഥയുണ്ട്. കേരളത്തിന്റെ വിവിധയിടങ്ങളിൽ സഞ്ചരിച്ചാണു നല്ല തോൽ കണ്ടെത്തി ശേഖരിക്കുന്നത്.
വരിക്ക പ്ലാവിന്റെ കാതൽ, കണിക്കൊന്ന, കരിന്പന എന്നിവയുടെ തടികളിലാണു ചെണ്ടവട്ടങ്ങളുണ്ടാക്കുക. തോലുകൾ വൃത്തിയാക്കുന്ന പണിയാണ് ഏറെ ശ്രമകരമെന്നു നാരായണൻ പറയുന്നു.
ഉരച്ചുവൃത്തിയാക്കി മണിക്കൂറുകളോളം വെള്ളത്തിലിട്ട് കുതിർത്താണു ചെണ്ടവട്ടങ്ങൾക്കായി തോലുകൾ സജ്ജമാക്കുന്നത്.