തലശേരി: പാനൂരിലെ സിപിഎം പാർട്ടി ഗ്രാമമായ ചെണ്ടയാട് മൂളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. സ്ഫോടനം നടക്കുന്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് കസ്റ്റഡിയിലായത്.
കോയന്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പാലക്കാട് വച്ച് ഇന്ന് പുലർച്ചെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. കൊളവല്ലൂർ, പാനൂർ മേഖലയിലുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.അതേസമയം, മൂളിയാത്തോടുനിന്ന് കൂടുതൽ ബോംബുകൾ നിർമിച്ച് കടത്തിയതായ് പോലീസിന് വിവരം ലഭിച്ചു.
അപകടസമയത്ത് സ്ഥലത്ത് പത്തുപേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ബോംബ് നിർമാണ സംഘത്തിൽ വേറെയും ആളുകൾ ഉണ്ടെന്നു സംശയിക്കുന്നു.വീട്ടുടമയുടെ അനുമതിയില്ലാതെയാണ് ഇവിടെനിന്ന് സംഘം ബോംബ് നിർമിച്ചത്. ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിയത്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു.
കൂത്തുപറന്പ് എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പാനൂർ എസ്എച്ച്ഒ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് മൊഴിയെടുത്തതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ചികിത്സയിൽ കഴിയുന്നവർക്ക് പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ചെണ്ടയാട് കാട്ടിന്റെവിട ഷെറിൻ (31) ആണ് മരിച്ചത്. പരിക്കേറ്റ ചെണ്ടയാട് വലിയപറന്പത്ത് വിനീഷി (39)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പുത്തൂർ കല്ലായിന്റവിട അശ്വന്ത് (33), കുന്നോത്ത് പറന്പ് ചിറക്കരാങ്ങിൻമേൽ വിനോദ് (31) എന്നിവരെ തലശേരി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.