പത്തനാപുരം: പാതിരിക്കൽ ചിതൽവെട്ടി ഭാഗത്തുള്ള കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ വള ഗോഡൗണിന് സമീപത്തായി നട്ടുവളർത്തി പരിപാലിച്ചു വന്ന രണ്ടു കഞ്ചാവ് ചെടികൾ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘ വും ചേർന്ന് കണ്ടെത്തി കേസെടുത്തു.
ഒരു ചെടി നന്നായി വളർന്നതും മറ്റൊരണ്ണം അതിൽ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റിനുള്ളിൽ റബ്ബർ തൈകൾ പ്ലാന്റ് ചെയ്യുന്നതിന്റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകൾ സ്ത്രീ തൊഴിലാളികളും മറ്റും ചേർന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് നട്ടുവളർത്തിയതു പോലെ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്.
സംശയം തോന്നിയ ഒരു സ്ത്രീ മറ്റുള്ള വരെ വിളിച്ചു കാണിച്ചപ്പോൾ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞു വെട്ടിക്കളയാൻ പറഞ്ഞുവെങ്കിലും.
അവിടെ ഉണ്ടായിരുന്ന ഫീൽഡ് സൂപ്പർ വൈസറെ കാണിച്ചു കഞ്ചാവു ചെടിയാണെന്ന് ബോധ്യപ്പെട്ടതിനാൽ വിവരം ഗ്രൂപ്പ് ഏരിയ മാനേജർ അംജത്ത് ഖാനെ അറിയിക്കുകയും അദ്ദേഹം കൊല്ലം സ്പേഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിനു വിവരം നൽകുകയുമായിരുന്നു.
കഞ്ചാവു ചെടികളിൽ ഒരെണ്ണത്തിനു 172 സെ.മീ നീളവും രണ്ടാമത്തെ ചെടിക്ക് 112 സെ. മീ നീളവുമുള്ളതാണ്. ഗോഡൗൺ കെട്ടിടത്തിന്റെ മറവിലായി ചെടികൾ വളർന്നു നിന്നതിനാൽ റോഡിൽ കൂടി പോകുന്നവർക്ക് കഞ്ചാവ് ചെടികൾ കാണാൻ കാഴിഞ്ഞിരുന്നില്ല.
കഞ്ചാവ് ചെടികൾ കണ്ടെടുത്ത സ്ഥലത്തേക്ക് ചില യുവാക്കൾ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നും മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ചെടികൾ നട്ടിരുന്ന സ്ഥലത്തേക്ക് ആ യുവാക്കൾ വെള്ളവും മറ്റും കൊണ്ടു പോകുന്നത് ശ്രദ്ധയിൽ പ്പെട്ടിരുന്നുവെന്നും വിവരം ലഭിച്ചു.
മഴക്കാലമായതിനാൽ ഇവിടേയ്ക്ക് ആരും ഉടനടി വരാൻ സാധ്യതയില്ലെന്ന് മനസിലാക്കി കഞ്ചാവ് ചെടികൾ പാകമാകുന്നതിനായി അവിടെ നിർത്തിയിരുന്നതാണെന്ന് പറയപ്പെടുന്നു.
ചെടി നട്ടുവളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചതാ യും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും എക്സൈസ് അറിയിച്ചു. ഇൻസ്പെക്ടർ റ്റി. രാജീവ്, പ്രീവ ന്റീവ് ഓഫീസർ ഉണ്ണികൃഷ്ണപ്പിള്ള, സിവിൽ എക്സൈസ് ഓഫീസറൻമാരായ നിതിൻ, പ്രസാദ്, അഭിലാഷ്, വിഷ്ണു, അജീഷ് ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.