തിരുവാർപ്പ്: തിരുവാർപ്പ് ചെങ്ങളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പിതാവ് മരിച്ചത് ഹൃദയാഘാതത്തെത്തുടർന്ന്.
തിരുവാർപ്പ് ചെങ്ങളം അറുപതിൽ എ.പി. ശശീന്ദ്രനാ(64)ണു മരിച്ചത്. ഇറ്റലിയിൽനിന്നുവന്ന കുടുംബത്തെ കാറിൽ സ്വീകരിക്കാൻ പോയ കുമരകത്തിനുസമീപമുള്ള തിരുവാർപ്പ് ചെങ്ങളം സ്വദേശികളായ ദന്പതികൾക്കു കോവിഡ് 19 ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഈ കുടുംബവുമായി സഹകരിച്ചവരെ ആരോഗ്യവകുപ്പു നിരീക്ഷിച്ചുവരികയായിരുന്നു.
ഇറ്റലിയിൽനിന്നുവന്ന ദന്പതികളുടെ മകളും മകളുടെ ഭർത്താവും ഇവരുടെ കുട്ടിയുമാണു ചെങ്ങളം സ്വദേശികൾ. കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.
ദന്പതികൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുമാണ്.
ഇവരുടെ വീടിന്റെ സമീപമാണ് ശശീന്ദ്രന്റെ വീട്. ശശീന്ദ്രന്റെ മകൻ കോവിഡ് 19 സ്ഥിരീകരിച്ച ദന്പതികളുമായി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മകനെ വീട്ടിൽ നിരീക്ഷണത്തിൽ ആക്കുകയായി രുന്നു. ശശീന്ദ്രനൻ കോവിഡ് 19 സ്ഥിരീകരിച്ച ദന്പതികളുമായി ഇടപെട്ടിട്ടേയില്ല.
വ്യാഴാഴ്ച രാത്രി ശശീന്ദ്രൻ ഭക്ഷണം കഴിഞ്ഞു കിടന്നപ്പോൾ അസ്വസ്ഥത ഉണ്ടാകുകയും തുടർന്നു മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ പരിശോധന നടത്തുന്നതിനിടയിലാണ് ശശീന്ദ്രന്റെ മകൻ കോവിഡ് നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്ന വിവരം ബന്ധുക്കൾ ഡോക്ടറോടു പറയുന്നത്. ഉടൻതന്നെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു.
പോസ്റ്റുമോർട്ടത്തിൽ ഹൃദയാഘാതമാണു മരണ കാരണമെന്നാണു പ്രാഥമിക റിപ്പോർട്ട്. നിരീക്ഷണത്തിൽ കഴിയുന്ന മകനൊപ്പം ഇടപഴകിയതിന്റെ അടിസ്ഥാനത്തിൽ ഇദേഹവും രണ്ടാംഘട്ട നിരീക്ഷണത്തിലായിരുന്നുവെന്നും അതിനാൽ ശശീന്ദ്രന്റെ സ്രവങ്ങൾ പരിശോധനയ്ക്കു അയച്ചു.
തുടർന്നു മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.