പുതുക്കാട്: കുണ്ടുകടവിൽ ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിളളി ബിരാജുവിനെയാണ് ഭാര്യ മോനൊടി കണ്ണോളി ജനാർദനന്റെ മകൾ ജീതു (29) വിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
സംഭവം നടക്കുന്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കുടുംബശ്രീ അംഗങ്ങൾ ഗീതുവിന്റെ അച്ചൻ ജനാർദ്ദനൻ എന്നിവർ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടത്തിയത് എങ്ങിനെയെന്ന് പോലീസിന് ബിരാജു വിവരിച്ചു കൊടുക്കുകയും, കൃത്യത്തിനുശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് കുണ്ടുകടവിൽ എത്തുകയും തുടർന്ന് അവിടെ നിന്നും വഞ്ചിയിൽ പുഴക്ക് അക്കര എത്തി രക്ഷപ്പെടുകയുമായിരുന്നെന്ന് ബിരാജു പറഞ്ഞു.
സംഭവ ദിവസം ബിരാജു സ്ഥലത്തെത്തിയത് പെട്രോളും സ്വയമുണ്ടാക്കിയ പെട്രോൾബോംബുമായാണ്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നിറച്ച ലാപ് ടോപിന്റെ ബാഗുമായാണ് ഇയാൾ ജീതുവിനെ കാത്തിരുന്നത്. ബിരാജു പെട്രോൾ വാങ്ങിയ പന്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊലപാതത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മുബൈയിലെ ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 29ന് ബിരാജു ജീതുവിനെ റോഡിൽവെച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജീതു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ഒന്നിനാണ് മരിച്ചത്.
മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. പുതുക്കാട് സിഐ എസ്പി സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.