ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റ് റോഡിലുള്ള ആലുക്കൽ, ഐശ്വര്യ ജ്വല്ലറികളിലെ മോഷണക്കസിൽ അറസ്റ്റിലായ കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് തെക്കേമുറിയിൽ തങ്കച്ചൻ (54) കണ്ണൂരിൽ അറിയപ്പെടുന്നത് പെപ്പർ തങ്കച്ചൻ.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ കുത്തിപ്പൊളിച്ച് കുരുമുളക് മോഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയായതോടെയാണ് തങ്കച്ചൻ പെപ്പർ തങ്കച്ചനായി മാറിയത്.
തങ്കച്ചന്റെ കുടുംബം വർഷങ്ങൾക്കുമുന്പാണ് പാലായിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയത്.
കണ്ണൂരിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായതിനാലാണ് തങ്കച്ചൻ അവിടംവിട്ട് മോഷണത്തിനായി കോട്ടയം ജില്ല കേന്ദ്രീകരിച്ചത്.
ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ നിന്നും മോഷ്ടിച്ച വെള്ളി ആഭരണങ്ങൾ കണ്ണൂരിൽ എത്തിച്ചാണ് വിറ്റിരുന്നത്.
ഈ ആഭരണങ്ങൾ വാങ്ങിയ ആളെയും ആഭരണങ്ങളും കണ്ടെത്താൻചങ്ങനാശേരി പോലീസ് കണ്ണൂരിലെത്തി അന്വേഷണം നടത്തിവരികയാണ്.
കണ്ണൂരിൽ നിന്നും ട്രെയിൻ മാർഗമോ ബസിലോ കോട്ടയത്തോ ചങ്ങനാശേരിയിലോ ഇറങ്ങുന്ന തങ്കച്ചൻ മോഷ്ടിക്കാൻ പറ്റുന്ന വ്യാപാര സ്ഥാപനങ്ങൾ പകൽസമയത്ത് കറങ്ങിനടന്ന് കണ്ടുവയ്ക്കും.
രാത്രി ഒന്നിനും പുലർച്ചെ മൂന്നിനും ഇടയിൽ മോഷണം നടത്തി ഇയാൾ ട്രെയിനിലോ കെഎസ്ആർടിസി ബസിലോ കയറി രക്ഷപ്പെടുകയാണ് പതിവ്.
കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രി ചങ്ങനാശേരി പോലീസ് സ്റ്റേഷന് അടുത്തുള്ള ആലുക്കൽ, ഐശ്വര്യ ജ്വല്ലറികളിൽ മോഷണം നടത്തിയ പ്രതി അന്ന് പുലർച്ചെതന്നെ കണ്ണൂരിലേക്കു പോയി.
കഴിഞ്ഞ ദിവസം ഇയാൾ ചങ്ങനാശേരി പെരുന്നയിലുള്ള ജ്വല്ലറി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല.
പെരുന്ന ബസ് സ്റ്റാൻഡിനു സമീപത്തുള്ള നിയോ മെഡിക്കൽ സ്റ്റോറിന്റെ പൂട്ടുപൊളിച്ച് 15,500 രൂപയും രേഖകളും മോഷ്ടിച്ച ഇയാൾ പുലർച്ചെതന്നെ കോഴിക്കോടിനു പോയി.
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവേ പോലീസാണ് ഇയാളെ പിടികൂടിയത്. മൂവാറ്റുപുഴയിൽ വാച്ചുകട കുത്തിത്തുറന്ന് 200 വാച്ചുകൾ മോഷ്ടിച്ച കേസും ഇയാളുടെ പേരിലുണ്ട്.