മാന്നാർ: ഉപതെരഞ്ഞടുപ്പിന്റെ ആരവും ആവേശവും അരങ്ങത്ത് ഉയർത്തി മുന്നണി സ്ഥാനാർഥികൾ ഏറെ സജീവമായി. സ്ഥാനാർഥികൾക്കൊപ്പം നേതാക്കളും അണിനിരന്നതോടെ അണികൾക്കും ആവേശമായി. ബൂത്ത് കമ്മറ്റികളിൽ പോലും സംസ്ഥാന നേതാക്കൾ പങ്കെടുത്തുള്ള അവലോകന യോഗങ്ങളാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. ഇനിയുള്ള മൂന്നാഴ്ചക്കാലം കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് ബൂത്തുതല അവലോകനം.
സ്ഥാനാർത്ഥികൾ എല്ലാവരും പ്രധാന ജംഗ്ഷനുകളിലും വ്യാപാരസ്ഥാപനങ്ങളിലും വോട്ടുതേടുന്നത് മൂന്നാം തവണയാണ്. തുടക്കത്തിൽ മണ്ഡലത്തിലെ സമുദായ നേതാക്കൾ, സഭാ പിതാക്കൻമാർ, പൗരപ്രമുഖർ എന്നിവരെ കണ്ട് ആശിർവാദം വാങ്ങിക്കലും പിന്തുണ അഭ്യർത്ഥിക്കലും നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പിന്നീട് വോട്ട് തേടൽ പൊതു സ്ഥലങ്ങളിലായിരുന്നു.
കല്യാണ-മരണ വീടുകൾ, ആരാധനാലയങ്ങൾ ഉത്സവ സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രചാരണം.എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥന നടത്തി തുടങ്ങി. ഇപ്പോൾ പര്യടന പരിപാടികളും തുടങ്ങി.
എൽഡിഎഫ് മുൻകൂട്ടി തന്നെ പ്രചാരണ പരിപാടികൾ തുടങ്ങി. സംസ്ഥാന സെക്രട്ടേറിയേറ്റംഗവും ഉപതെരെഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനുമായ ഗോവന്ദൻ മാഷാണ് തെരഞ്ഞടുപ്പ് സ്വീകരണ പരപാടി ഉദ്ഘാടനം ചെയ്തത്. അഞ്ചിന് മുളക്കഴ പെരിങ്ങാലയിൽ നിന്നാണ് പര്യടന പരിപാടിക്ക് കുറിച്ചത്. മുളക്കുഴ സൗത്ത്, വെണ്മണി, ചെറിയനാട് എന്നിവടങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പര്യടനം.
ഇന്നലെ ചെന്നിത്തല ഇഞ്ചയ്ക്കൽത്തറയിൽ നിന്നാരംഭിച്ച പര്യടനം തപ്പെരുന്തുറ, മാന്നാർ വെസറ്റ്, മാന്നാർ ടൗണ്, മാന്നാർ ഈസ്റ്റ്, പാണ്ടനാട് എന്നിവടങ്ങളിൽ പര്യടനം നടത്തി. ഇന്ന് രാവിലെ ചെറിയാനാട്ട് നിന്ന് ആരംഭിച്ച പര്യടനം പുലിയൂർ, എണ്ണയ്ക്കാട്, ബുധനൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം ചെന്നിത്തല ചെറിയ പെരുംന്പുഴയിൽ സമാപിക്കും.
എട്ടിന് പാണ്ടനാട് നോർത്തിൽ നിന്നും ആരംഭിക്കുന്ന പര്യടനം തിരുവൻവണ്ടൂർ,ആല, ചെങ്ങന്നൂർ ടൗണ് എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഇതോടെ ഒന്നാം ഘട്ട പര്യടങ്ങൾ പൂർത്തിയാകും. ഒന്പതിന് സജി ചെറിയാൻ പത്രികാ സമർപ്പണം നടത്തും. തുടർന്നുള്ള മൂന്നുദിനങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കും. രണ്ടാം ഘട്ട പര്യടനം 14 മുതൽ ആരംഭിക്കും. പര്യടന സ്ഥലങ്ങളിലെല്ലാം വൻ ആവേശത്തോടെയാണ് സജിചെറിയാനെ സ്വീകരിക്കുന്നത്.
വോട്ടർമാരെ കെട്ടിപിടിച്ചും പ്രായമുള്ളവരെ കാൽ തൊട്ട് വന്ദിച്ചുമാണ് പ്രചാരണ രംഗത്ത് ഡി. വിജയകുമാർ ആരവമുയർത്തി മുന്നേറുന്നത്. പ്രധാന ടൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം വോട്ടർമാരെ ഓടി നടന്നു കണ്ട് വോട്ട് അഭ്യർഥിച്ച് പ്രചാരണ രംഗം കൊഴിപ്പിക്കുന്നു ഡി. വിജയകുമാറും സ്വീകരണ പരിപാടികൾ ആരംഭിച്ചു. തിരുവൻവണ്ടൂരിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞാണ് പ്രചാരണ പരിപാടികൾ തുടങ്ങിയത്.
ഇന്ന് ഡി. വിജയകുമാർ നാമനിർദേശപത്രിക സമർപ്പിക്കും. നാളെ മുതൽ പര്യടന പരിപാടികൾ തുടരും. മാന്നാർ മേഖലയിലാണ് നാളെ പര്യടനം നടത്തുന്നത്. മൂന്നുഘട്ടങ്ങളിലായിട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം. രണ്ടുഘട്ടങ്ങളിൽ നിശ്ചിത സ്ഥലത്തുള്ള സ്വീരകരണവും മൂന്നാം ഘട്ടത്തിൽ സ്വീകരണത്തോടൊപ്പം ഭവന സന്ദർശനവുമാണ് ലക്ഷ്യമിടുന്നത്.മുൻ കാലങ്ങളെ അപേക്ഷിച്ച് ഏറെ ആരവമുയർത്തിയാണ് ഡി. വിജയകുമാറിന്റെ പ്രചാരണം തകർക്കുന്നത്.
തെരെഞ്ഞെടുപ്പ് കണ്വൻഷൻ അടക്കം ഏറെ വൈകിയാണ് നടത്തിയതെങ്കിലും ഒരു തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ എല്ലാ കാര്യങ്ങളും ചിട്ടയോടെ നടത്തിയാണ് ശ്രധരൻപിള്ള രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ കണ്വൻഷൻ കഴിഞ്ഞതോടെ എല്ലാവരും കൂടുതൽ സജീവമായി. ഇന്ന് രാവിലെ 11.30 ഓടെ നാമനിർദേശ പത്രിക സമർപ്പിക്കും.
നാളെ മുതലാണ് പര്യടന പരിപാടികൾ തയാറാക്കിയിരിക്കുന്നത്. എന്നാൽ ബിഡിജഐസ് കൂടെ ഇല്ലാത്തത് പ്രചാരണങ്ങളെ ബാധിക്കാതിരിക്കാൻ ബിജെപി പരമാവധി പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. സ്വീകരണ പരിപാടികൾ പുരോഗമിക്കുന്പോഴേക്കും അവരും ഒപ്പം കൂടുമെന്ന ശുഭ പ്രതീക്ഷയിൽ തന്നെയാണ് സ്ഥാനാർഥിയും കൂട്ടരും.
പര്യടന പരിപാടികൾ ആരംഭിക്കുന്നതിനു മുന്പുതന്നെ എല്ലായിടങ്ങളിലും എത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചിരുന്നു. എല്ലാ വീടുകളിലും ശ്രീധരൻ പിള്ളയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ബുക്ക്ലെറ്റ് എത്തിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
യു.പി. രജിസട്രേഷനിലുള്ള 80-ഓളം ബൈക്കുകളാണ് ഇതിനുപയോഗിക്കുന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബാഹ്യമായ ബഹളങ്ങളോടെയാണ് ബിജെപി തെരെഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിച്ചതെങ്കിൽ ഇത്തവണ ബാഹ്യബഹളങ്ങൾ ഇല്ലാതെ താഴെത്തട്ടിൽ നിശബ്ദമായ പ്രചാരണത്തിന് മുൻതൂക്കം നൽകിയാണ് രംഗത്ത് സജീവമായിരിക്കുന്നത്.
ശ്രീധരൻ പിള്ളയുടെ വ്യക്തിപ്രഭാവത്തെ ഏറെ ആദരവോടെയാണ് വോട്ടർമാർ കാണുന്നതെന്നും അതും വോട്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണങ്ങൾ കൊഴിക്കുന്നത്.