ഡൊമനിക് ജോസഫ്
ചെങ്ങന്നൂർ: ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ചെങ്ങന്നൂരിൽ മുന്നണികളും സ്ഥാനാർഥികളും സജീവം. സാധാരണയായി പ്രഖ്യാപനം വന്നുകഴിഞ്ഞ് നാമനിർദ്ദേശ പത്രികകൾ നൽകുവാനുള്ള അവസാന നിമിഷങ്ങളിലാണ് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. എന്നാൽ ചെങ്ങന്നൂരിൽ സ്ഥിതി നേരെ മറിച്ചായിരുന്നു. മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വിയോഗം ഉണ്ടായതിന് തൊട്ടടുത്ത ദിവസം മുതൽ ഉപതെരഞ്ഞെടുപ്പിനായി മുന്നണികൾ ഒരുങ്ങുകയും സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിൽ എത്തുകയും ചെയ്തു.
സ്ഥാനാർഥികൾ സംബന്ധിച്ച് പാർട്ടികളിൽ ധാരണയെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഒദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുന്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനാൽ എല്ലാവർക്കും പ്രവർത്തിക്കുവാൻ ധാരളം സമയം കിട്ടുമെന്നുള്ളതാണ് ഒരു പ്രത്യേകത.
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ, യുഡിഎഫ് ഡി.വിജയകുമാർ, എൻഡിഎ പി.എസ്.ശ്രീധരൻ പിള്ള എന്നിവർ മണ്ഡലത്തിലെ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കുവാനുള്ള ശ്രമമാണ് നടത്തി വരുന്നത്. ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വ്യാപകമായ ചുവരെഴുത്തുകൾ നടന്നിരിക്കുന്നത്. തെരെഞ്ഞെടുപ്പിന് ശേഷം ചുവരുകൾ വൃത്തിയാക്കി നൽകാമെന്ന കരാറിലാണ് ഭൂരിപക്ഷം മതിലുകളും ഒരോ മുന്നണികളും എഴുതിയിരിക്കുന്നത്. ചുവരെഴുത്തുകൾ എല്ലായിടങ്ങളിലും പൂർത്തിയായി കഴിഞ്ഞു.
കൂടാതെ മുൻ കൂട്ടി തന്നെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എല്ലാ മുന്നണി സ്ഥാനാർഥികളുടെയും പോസ്റ്ററുകൾ എങ്ങും നിരന്ന് കഴിഞ്ഞു. ഫ്ളെക്സ് ബോർഡുകൾക്കും കുറവില്ല. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വരുന്നതിന് മുന്പായി തന്നെ എല്ലാ റോഡ് വക്കിലും പൊതു സ്ഥാലങ്ങളിലും ബോർഡുകൾ നിരന്നു കഴിഞ്ഞു. പിന്നീട് എടുത്ത് മാറ്റാമെന്ന തരത്തിലാണ് എല്ലാവരും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
കൂടാതെ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകർഷണമായ പാരഡി ഗാനങ്ങളും പുറത്തിറങ്ങിക്കഴിഞ്ഞു. മുന്നണികളെയും സ്ഥാനാർഥികളെയും പുകഴ്ത്തി അടുത്തനാളിൽ പുത്തിറങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പാരഡിയാണ് പാട്ടുകളായുള്ളത്. എല്ലായിടങ്ങളിലും ബൂത്ത് കമ്മറ്റി ഓഫീസുകൾ തുറന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചു ബൂത്ത് തലം മുതൽ യാതൊരു പഴുതുകളും ഇല്ലാത്ത പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.
ബൂത്ത് കമ്മറ്റികൾക്കുള്ള ഉപരികമ്മറ്റിയുടെ ചുമതലക്കാരൻ എല്ലാ നിർദ്ദേശങ്ങളും നൽകി മുഴുവൻ സമയത്തും പ്രവർത്തകർക്കൊപ്പമുണ്ട്. നേതാക്കളെ അണികൾക്ക് അടുത്ത് പരിചയപ്പെടുവാനും അടുത്തറിയുവാനും കൂടി കിട്ടുന്ന അവസരമാണ് ഉപതെരെഞ്ഞെടുപ്പ്. സ്ഥാനാർഥികൾ മണ്ഡലത്തിൽ ഏറെ സജീവമായി വോട്ടുകൾ അഭ്യർത്ഥിച്ച് തുടങ്ങി. നാലാൾ കൂടുന്ന എല്ലായിടങ്ങളിലും ഇപ്പോൾ സ്ഥാനാർത്ഥികളുടെ സാന്നിധ്യമുണ്ട്. മരണ, കല്യാണ വീടുകളിൽ സ്ഥാനാർഥികൾ ഓടിയെത്തുന്നുണ്ട്.
പൗര പ്രമുഖരെയും, സമുദായ സംഘടനാ നേതാക്കളെയും സഭാ തലവൻമാരെയും സന്ദർശിച്ച് ഒരോ സ്ഥാനാർഥിയും പിന്തുണ അഭ്യർഥിച്ച് കഴിഞ്ഞു. മണ്ഡലത്തിലെ പ്രമുഖ ദേവലായങ്ങൾ, ക്ഷേത്രങ്ങൾ, മുസ്ലീം പള്ളികൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി കഴിഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്വൻഷനുകൾ.
എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഇന്ന് വൈകുന്നേരം നാലിന് ചെങ്ങന്നൂർ ഐറ്റിഐ ജംഗ്ഷന് സമീപമുള്ള ഗ്രൗണ്ടിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് ഘടകക്ഷി നേതാക്കളും എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രസംഗിക്കും. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ 22-ന് നടക്കും. എൻഡിഎ കണ്വൻഷൻ അടുത്ത ആഴ്ചയിൽ ചേരും. തുടർന്ന് മേഖലാ, ബൂത്ത് കണ്വൻഷനുകളും ചേർന്ന് രംഗം സജീവമാക്കും.