ചെങ്ങന്നൂർ: ഉപ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോണ്സിൽ ഗ്രൂപ്പ് യുദ്ധം.സംസ്ഥാന നേതാക്കൾ തമ്മിൽ ആരംഭിച്ച വാക് പോരിന്റെ തുടർച്ചയായി മണ്ഡലത്തിലും നേതാക്കൾ ഗ്രൂപ്പിന്റെ പക്ഷം പിടിച്ച് രംഗത്തെത്തി. സ്ഥാനാർഥി ഫലം വരുന്നതിന് മുന്നേ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്ത് നിന്നെത്തിയ നേതാക്കളും ചില പ്രാദേശിക നേതാക്കളും പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് പരസ്യമായി പറഞ്ഞിരുന്നു.
ഡി.വിജയകുമാർ ഐ ഗ്രൂപ്പിന്റെ മണ്ഡലത്തിലെ നേതാവായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷം മുന്പ് എ ഗ്രൂപ്പിൽ ചേരുകയും ചെങ്ങന്നൂർ അർബൻ ബാങ്കിന്റെ പ്രസിഡന്റാകുകയും ചെയ്തു. ഇതിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത് വരുകയും പ്രസിഡന്റ് സ്ഥാനത്തിനായി വാദിക്കുകയും ചെയ്തു. ഐ ഗ്രൂപ്പിന്റെ ഈ സ്ഥാനം എ ഗ്രൂപ്പുകാർക്ക് നൽകുവാൻ പാടില്ലെന്നും ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് ശക്തമായി രംഗത്ത് വരുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന് പരസ്യമായി ഐ ഗ്രൂപ്പ് യോഗം ചേർന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വിജയകുമാർ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുവാൻ തയാറായില്ല. ഈ ഗ്രൂപ്പ് യുദ്ധം നിലനിൽക്കുന്പോഴാണ് ഉപ തെരഞ്ഞെടുപ്പിൽ ഡി.വിജയകുമാർ സ്ഥാനാർഥിയാകുന്നത്.
തുടക്കത്തിൽ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തനങ്ങൾ ഏറ്റെടുത്തുവെങ്കിലും പിന്നീട് പല പ്രാദേശിക നേതാക്കളും പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കുന്ന സ്ഥിതി ഉണ്ടായി. നേതാക്കളും സ്ഥാനാർഥിയും മറ്റും വരുന്പോൾ മുഖം കാണിച്ച് വലിയുന്ന നേതാക്കൾ ഉണ്ടായിരുന്നുവെന്ന് സ്ഥാനാർഥി തന്നെ പറഞ്ഞത് ഐ ഗ്രൂപ്പിനെ ലക്ഷ്യം വച്ചായിരുന്നു. മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടി 200-ഓളം കുടുംബ യോഗങ്ങളിൽ പങ്കെടുത്തപ്പോൾ പ്രതിപക്ഷ നേതാവ് 25-ഓളം യോഗങ്ങളിലാണ് പങ്കെടുത്തത്.
ഇത് ഐ ഗ്രൂപ്പിന്റെ മണ്ഡലത്തിലെ അനിഷ്ടത്തെയാണ് സൂചിപ്പിച്ചതെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ അന്നേ പറഞ്ഞിരുന്നു. മണ്ഡലത്തിൽ ഐ ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളെ ചെറുക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന ഗ്രൂപ്പ് യോഗം തീരുമാനിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിലെ പരാജയത്തെ ചൊല്ലി സംസ്ഥാന തലത്തിൽ ഉയർന്ന ഗ്രൂപ്പ് പോര് ഇപ്പോൾ ചെങ്ങന്നൂർ മണ്ഡലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.