ചെങ്ങന്നൂര്‍: അത്യാധുനിക സൗകര്യത്തോടെ നൂറ് കോടി രൂപ മുതൽമുടക്കി നിർമിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2025 മാര്‍ച്ചിൽ തന്നെ നാടിനു സമര്‍പ്പിക്കാന്‍ തീരുമാനം. ആശുപത്രിയിൽ മുന്നൂറോളം കിടക്കകളും സോളാര്‍ സംവിധാനവും ആശുപത്രിയില്‍ സജ്ജമാക്കും. പഴയ ജില്ലാ ആശുപത്രിയിൽ ഇരുനൂറിൽ താഴെയായിരുന്നു കിടക്കകൾ.
ജില്ലാ ആശുപത്രിയുടെ കെട്ടിടനിർമാണം നടക്കുന്നതിനാൽ ഗവ. ബോയ്സ് സ്കൂളിന്റെ കെട്ടിടത്തിലാണ് താത്കാലികമായി ആശുപത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം നിര്‍മാണപുരോഗതി സംയുക്തമായി വിലയിരുത്തി. തുടര്‍ന്ന് യോഗം ചേര്‍ന്നാണ് നിര്‍മാണം വേഗത്തിലാണെന്നും ഉടന്‍ തന്നെ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കാമെന്നും തിരുമാനിച്ചത്.
ജില്ലാ ആശുപത്രിയെയും മാതൃ-ശിശു ആശുപത്രിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാംപിന് മേൽക്കൂര പണിയാനും തീരുമാനമായി. ഓഫീസ് റൂം പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തും. എല്ലാ വിഭാഗങ്ങൾക്കും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തിയറ്ററുകൾ പണിയും.
ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനായിരിക്കും ചുമതല. താഴത്തെനിലയിൽ ഒബ്സർവേഷൻ, റേഡിയോളജി, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഫാർമസി എന്നിവയാണ്. ഒന്നാംനിലയിൽ ഒ.പി., ഫിസിയോതെറാപ്പി, ഡയാലിസിസ്, ഡെന്റൽവിഭാഗം, സാംപിൾ ശേഖരണം. കൂടാതെ മെഡിക്കൽ റെക്കോഡ് ലൈബ്രറിയും ഉണ്ടാകും.
അഡ്മിനിസ്ട്രേഷൻ, കേന്ദ്ര ലബോറട്ടറി, കോൺഫറൻസ് ഹാൾ, ഡി അഡിക്ഷൻ, സൈക്യാട്രി വാർഡുകൾ രണ്ടാംനിലയിലാണ് പ്രവർത്തിക്കുക. മെഡിക്കൽ, ഇ.എൻ.ടി., അസ്ഥിരോഗ, നേത്രരോഗ വിഭാഗം വാർഡുകളും കൂട്ടിരിപ്പുകാരുടെ വിശ്രമമുറിയും മൂന്നാംനിലയിലാണ് ക്രമീകരിക്കുക. പ്രീ, പോസ്റ്റ് ഓപ്പറേഷൻ, പാലിയേറ്റീവ് വാർഡുകൾ നാലാം നിലയിലാണ്. സർജിക്കൽ, മെഡിക്കൽ ഐ.സി.യു. അനസ്തേഷ്യ മുറികളും നഴ്സുമാരുടെ വിശ്രമസ്ഥലവും അഞ്ചാമത്തെ നിലയിലാണ്.