ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി സജി ചെറിയാൻ വിജയിച്ചതിലുള്ള അന്പരപ്പ് മാറാതെ കോണ്ഗ്രസ്- ബിജെപി ക്യാന്പുകൾ. ഫലം സംബന്ധിച്ച് പലതരത്തിലുള്ള വിലയിരുത്തലുകൾ നടത്തിയിട്ടും കാര്യങ്ങൾ വ്യക്തമാകാത്ത അവസ്ഥയാണ് ഇരുകൂട്ടർക്കും.
ശക്തമായ പ്രചാരണം കാഴ്ച വച്ച യുഡിഎഫും എൻഡിഎയും വിജയപ്രതീക്ഷയോടെ തന്നെയായിരുന്നു വോട്ടെണ്ണൽ തുടങ്ങുന്നതുവരെ. എന്നാൽ എല്ലാ കണക്കുകൂട്ടലും മാറ്റിമറിയ്ക്കുന്നതായിരുന്നു തുടക്കം മുതലുള്ള ഫല സൂചനകൾ. മാന്നാർ വള്ളക്കാലി ഒന്നാം നന്പർ ബൂത്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബ വീട് ഉൾക്കൊള്ളുന്ന സ്ഥലമാണ്.
ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട വോട്ടർമാർ ഏറെയുള്ള ഇവിടെ എല്ലാ തവണയും യുഡിഎഫിനെയാണ് പിന്തുണച്ചിരുന്നത്. ഉമ്മൻചാണ്ടി കുടുംബയോഗങ്ങളുമായി അഞ്ച് തവണ ഈ ഭാഗങ്ങളിൽ എത്തുകയും ചെയ്തു. എന്നിട്ടും തിരിച്ചടി നേരിട്ടതാണ് യുഡിഎഫ് നേതൃത്വത്തെ കുഴയ്ക്കുന്നത്.
എന്നും യുഡിഎഫിന് മുൻ തൂക്കം ലഭിക്കുന്ന മാന്നാർ ടൗണ്വാർഡിലും എൽഡിഎഫിനായിരുന്നു വിജയം. ഇത്തരത്തിൽ പാണ്ടനാട് മേഖലകളിലും എൽഡിഎഫ് നേടിയ വിജയം യുഡിഎഫ് നേതൃത്വത്തിന് വിശ്വസിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പ്രതിപക്ഷനേതാവിന്റെ മണ്ഡലമായ ചെന്നിത്തലയിലും ഉണ്ടായ തിരിച്ചടി അന്പരിപ്പിക്കുന്നതായിരുന്നു.
ബിജെപിയെ അന്പരിപ്പിച്ചത് തിരുവൻവണ്ടൂരിലെ തോൽവിയാണ്. എക്കാലവും ബിജെപിക്ക് മേൽകൈയുള്ള പ്രദേശം. പല തവണ ഗ്രാമപഞ്ചായത്ത് ഭരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രദേശത്ത് സിപിഎം ഭൂരിപക്ഷം നേടിയത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു.
ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ബിജെപി മത്സര രംഗത്ത് നിന്നത്. താഴെ തട്ടിൽ ശക്തമായ പ്രചാരണങ്ങളാണ് നടത്തിയത്. ആറായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന് പ്രതീക്ഷ വച്ച് പുലർത്തിയിടത്താണ് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞ് ദയനീയ പരാജയം ഏറ്റ് വാങ്ങിയത്.