ആലപ്പുഴ: ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് ജംഗ്ഷനിൽ സ്ഥലം വാങ്ങി ഷോപ്പിംഗ് മാൾ പണിയാൻ ആരംഭിച്ച പ്രവാസിക്കും കുടുംബത്തിനും നഗര സഭയുടെ നിലപാടുകൾ തടസമായതായി ആക്ഷേപം. ബഹറിനിൽ ജോലി നോക്കുന്ന ചെങ്ങന്നൂർ മുളക്കുഴ അരീക്കര ശിവമംഗലം എം.കെ. ശിവദാസനും മകൾ നിഷയും മരുമകൻ രാജേഷ് രാജപ്പനുമാണ് ചെങ്ങന്നൂർ നഗരസഭയിൽ നിന്നുമുള്ള പ്രതികൂല സമീപനം നിമിത്തം ബുദ്ധിമുട്ടിലായത്.
നിലവിൽ വസ്തുവാങ്ങുന്നതിനും പ്രാരംഭ ഘട്ടത്തിലെ പൈലിംഗ് ജോലികൾക്കുമായി എട്ടുകോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞതായി പ്രവാസി രാജേഷിന്റെ പിതാവും ഇവരുടെ മുക്ത്യാറുകാരനുമായ അരീക്കര ചൈതന്യയിൽ രാജപ്പൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുൻമെന്പറും കൂടിയാണ് രാജപ്പൻ.
പണി ആരംഭിച്ചപ്പോൾ മുതൽ തന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞ് നഗരസഭാ സെക്രട്ടറി തടസപ്പെടുത്തുകയാണെന്ന് രാജപ്പൻ ആരോപിച്ചു. ഇതുവരെയായി അഞ്ചുതവണ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചു. റദ്ദുചെയ്ത പെർമിറ്റിന്റെ കാലാവധി ഹൈക്കോടതി അനുവദിച്ചു തന്നത് ഇക്കഴിഞ്ഞ മാർച്ച് 17ന് അവസാനിച്ചു. ഇതു പുതുക്കി നല്കാൻ അപേക്ഷ നല്കിയിട്ടും സെക്രട്ടറി വിവിധ കാരണങ്ങൾ പറഞ്ഞ് മാറ്റുകയാണെന്നാണ് രാജപ്പന്റെ ആരോപണം.
പൈലിംഗ് മാത്രമേ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. 2017ൽ ബഹറിനിൽ വച്ച് ശിവദാസനും രാജേഷും നിഷയും ചേർന്ന് മുഖ്യമന്ത്രിക്ക് വിഷയത്തിൽ പരാതി നല്കിയിരുന്നു. കോണ്ഗ്രസ് പ്രവർത്തകനായ രാജപ്പൻ കോണ്ഗ്രസ് നേതാക്കളുടെയടുത്തും പരാതി ബോധിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം പേരിൽ അധികൃതർ വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണെന്നാണ് ആക്ഷേപം.