ചെങ്ങന്നൂർ: കല്ലിശ്ശേരി എംസി റോഡരികിൽ പറയനകുഴിലെ വഴിയോര കച്ചവടക്കാരിൽനിന്നു രണ്ടു മാസത്തോളം പഴക്കംചെന്ന 300 കിലോ മത്സ്യം പിടിച്ചെടുത്തു.
സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ് ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന മിന്നൽ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ്, ആരോഗ്യ വകുപ്പ്, ഫിഷറിസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ
മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ ഇരമല്ലിക്കര എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ചേർത്ത മത്സ്യം പിടിച്ചെടുത്തത്.
ഇന്നലെ ഒന്പതോടെ ആരംഭിച്ച പരിശോധന മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. കല്ലിശ്ശേരി സ്വദേശികളായ സജി വർഗീസ്, രാജേഷ് എന്നിവരുടെ വഴിയോരക്കടയിൽ സൂക്ഷിച്ച പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. തള, കേര, റോക്കറ്റ്, ചെങ്കലവ, പാന്പാട എന്നീ ഇനങ്ങളിലുള്ള മത്സ്യങ്ങൾ കണ്ടെത്തിയതിൽപെടുന്നു.
ആഡിഒ ജി. ഉഷാകുമാരിയുടെ നിർദേശപ്രകാരം സ്ഥാപനങ്ങൾ രണ്ടും അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ ഉടമകൾക്ക് നിർദേശം നൽകി. പിടിച്ചെടുത്ത മത്സ്യം അപ്പോൾതന്നെ ബ്ലീച്ചിംഗ് പൗഡറിട്ട് ഉപയോഗശൂന്യമാക്കിയശേഷം കുഴിച്ചിട്ടു.
ജില്ലാ ഭക്ഷ്യസുരക്ഷാ അഥോറിറ്റി അസിസ്റ്റന്റ് കമ്മീഷണർക്ക് റിപ്പോർട്ട് ഉടൻ കൈമാറുമെന്നും പിഴ ഈടാക്കാൻ കമ്മീഷണർ ഉത്തരവിറക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എംസി റോഡരികിൽ കല്ലിശ്ശേരി പറയനക്കുഴിയിൽ വഴിയോരക്കച്ചവടക്കാരിൽ നിന്നു വാങ്ങിയ മത്സ്യം ഉപയോഗിച്ച നിരവധി ആൾക്കാർ പരാതിയുമായി രംഗത്തെത്തിയിരുന്നു.
മീൻ കറിവച്ചതിനു ശേഷം ഉപയോഗിച്ചപ്പോൾ അരുചി തോന്നിയതാ യും മാംസത്തിൽ ചുവപ്പു നിറം കണ്ടുവെന്നും ദുർഗന്ധം അനുഭവപ്പെട്ടെന്നും ശരീരം ചൊറിഞ്ഞ് തടിക്കുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെ ത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും നാട്ടുകാർ പറയുന്നു.
ചെങ്ങന്നൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ഇത്തരം മത്സ്യങ്ങൾ വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും ഓപ്പറേഷൻ സാഗർ റാണി എന്ന് പേരിൽ പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്നും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയിൽ ജില്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ജി.ശ്രീകുമാർ , ആദർശ് വിജയ്, എ.എ അനസ്, ശ്രീലക്ഷ്മി, അഫീലാ യൂനസ് ഫിഷറീസ് എസ്ഐ എം. ദീപു, ഇരമല്ലിക്കര പ്രാഥമിക ആരോഗ്യവിഭാഗം എച്ച്ഐ ജയിൻ, പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ സുരേന്ദ്രൻ, മനു തെക്കടത്ത് ചെങ്ങന്നൂർ സബ് ഇൻസ്പെക്ടർ എസ്.വി ബിജു എന്നിവർ പങ്കെടുത്തു.